കണ്ണൂർ: പയ്യന്നൂർ ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണന് എതിരെ പുറത്താക്കൽ അടക്കം പരിഗണിച്ച് സിപിഐഎം. കുഞ്ഞികൃഷ്ണൻ തിരുത്താനെന്ന പേരിൽ പാർട്ടിയെ തകർക്കാൻ ഇറങ്ങിയെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജൻ ആരോപിച്ചു. പാർട്ടിയെ തകർത്തുകൊണ്ട് തിരുത്തുക എന്നതാണ് കുഞ്ഞികൃഷ്ണന്റെ നിലപാട്. അംഗീകരിക്കാൻ കഴിയാത്ത പരസ്യപ്രസ്താവനയാണ് കുഞ്ഞികൃഷ്ണൻ നടത്തിയത്. കുഞ്ഞികൃഷ്ണൻ ശത്രുക്കളുടെ കയ്യിലെ കോടാലിയെന്ന് ആവർത്തിച്ച് നേതൃത്വം. നടപടി സംബന്ധിച്ച ഉചിതമായ തീരുമാനം പാർട്ടി ജില്ലാ കമ്മിറ്റി എടുക്കുമെന്നും എം.വി. ജയരാജൻ അറിയിച്ചു.
ഒരു തരത്തിലും ഇത്തരം പ്രതികരണങ്ങൾ അംഗീകരിക്കാനാകില്ലെന്ന് എം.വി. ജയരാജൻ അറിയിച്ചു. ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ആരും കൃത്രിമം കാണിച്ചിട്ടില്ല. ഇതെല്ലാം കുഞ്ഞികൃഷ്ണൻ തന്നെ ഉൾപ്പെട്ട ജില്ലാ കമ്മിറ്റി ചർച്ച ചെയ്തതാണ്. എന്നിട്ട് വീണ്ടും ഇത്തരത്തിൽ പരസ്യപ്രതികരണവുമായി എത്തുന്നത് രാഷ്ട്രീയ എതിരാളികളുടെ കയ്യിലെ കോടാലിയായി കുഞ്ഞികൃഷ്ണൻ മാറുന്നതിൻ്റെ സൂചനയാണ്. കുഞ്ഞികൃഷ്ണൻ പുറത്തിറക്കുന്ന പുസ്തകത്തിൽ ഇത് സംബന്ധിച്ച തെളിവുകളുണ്ടല്ലോ എന്ന ചോദ്യത്തിന് തെളിവുകൾ പുറത്തുവരട്ടെ, പാർട്ടി അതൊന്നും ഭയക്കുന്നില്ലെന്ന് ജയരാജൻ പറഞ്ഞു. ധനരാജ് ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകൾ പൊതുജനങ്ങൾക്ക് ബോധ്യപ്പെടുത്തുന്നതിൽ തടസമില്ല, പാർട്ടിക്കകത്ത് ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുള്ളതാണെന്ന് ജയരാജൻ പറഞ്ഞു. എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയത് അങ്ങേയറ്റം തെറ്റാണെന്നും ജയരാജൻ പറഞ്ഞു.