പൊലീസ് വാഹനത്തിന് പിഴയിട്ട എംവിഡി ഉദ്യോഗസ്ഥൻ കുരുക്കിൽ 
KERALA

'ഉദ്യോഗസ്ഥൻ്റെ കാറിനും പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ല'; പൊലീസ് വാഹനത്തിന് പിഴയിട്ട എംവിഡി ഉദ്യോഗസ്ഥൻ കുരുക്കിൽ

പൊലീസ് ജീപ്പിന് പിഴയിട്ട എംവിഡി ഉദ്യോഗസ്ഥൻ ബിജു നിയമക്കുരുക്കിൽ.

Author : ന്യൂസ് ഡെസ്ക്

തൃശൂർ: ഇൻഷുറൻസ് ഉണ്ടായിട്ടും പൊലീസ് വാഹനത്തിന് പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ്റെ സ്വന്തം കാറിനും പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ല. തൃശൂർ ആർടിഒ എൻഫോഴ്സ്മെൻ്റ് വിഭാഗം എംവിഐ പി.വി. ബിജുവിൻ്റെ കാറിനാണ് പൊലൂഷൻ സർട്ടിഫിക്കറ്റ് മൂന്നുമാസം മുൻപ് അവസാനിച്ചത്.

തിങ്കളാഴ്ച രാത്രി പതിനൊന്നോടെ വടക്കാഞ്ചേരി ഉത്രാളിക്കാവിന് സമീപം വച്ച് വടക്കാഞ്ചേരി എസ്ഐ ബദറുദ്ദീൻ്റെ നേതൃത്വത്തുൽ രാത്രികാല പട്രോളിങ് നടത്തുകയായിരുന്നു. ഇതേസമയം പൊലീസ് ജീപ്പിന് കുറുകെ മോട്ടോർ വാഹന വകുപ്പിൻ്റെ വാഹനമിട്ട് തടയുകയായിരുന്നു.

തുടർന്ന് വാഹനത്തിന് ഇൻഷുറൻസും പുക പരിശോധനാ സർട്ടിഫിക്കറ്റും ഇല്ലെന്ന് ചൂണ്ടിക്കാട്ടി എംവിഐ 4000 രൂപ പിഴയിട്ട് ചലാൻ നൽകി. ഇൻഷുറൻസ് ഇല്ലാത്തതിന് 2000 രൂപയും പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് 2000 രൂപയുമാണ് ചുമത്തിയത്. ആ സമയത്ത് രേഖകൾ കൈവശമില്ലാതിരുന്നതിനാൽ പൊലീസിന് മറുപടി നൽകാനായില്ല.

എന്നാൽ ചൊവ്വാഴ്ച രാവിലെ സ്റ്റേഷനിലെത്തി രേഖകൾ പരിശോധിച്ചപ്പോഴാണ് പൊലീസ് വാഹനത്തിന് 2027 മാർച്ച് 7 വരെ ഇൻഷുറൻസ് കാലാവധിയുണ്ടെന്ന് വ്യക്തമായത്. ഇതിനിടെ പൊലീസ് ജീപ്പിന് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയ വാർത്ത മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിച്ചതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടു.

ഇതിന് പ്രതികാരമായി പൊലീസുകാർ നടത്തിയ പരിശോധനയിൽ, പിഴയിട്ട എംവിഐയുടെ സ്വന്തം കാറിന് പുക പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തുകയും ആ വാഹനത്തിന് പൊലീസ് പിഴ ചുമത്തുകയും ചെയ്തു. കൂടാതെ രാത്രികാല പട്രോളിങ് തടസപ്പെടുത്തി മനഃപൂർവം വാർത്ത പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

SCROLL FOR NEXT