പത്തനംതിട്ട: ജി. സുകുമാരൻ നായരുടെ സർക്കാർ അനുകൂല നിലപാടിന് എതിരെ കുമ്പഴ മൈലാടുപ്പാറ എൻഎസ്എസ് കരയോഗ അംഗങ്ങളുടെ ഫ്ലക്സ് ബോർഡ് പ്രതിഷേധം. മൈലാടുപ്പാറ 5337 ശ്രീഭദ്ര എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെയും, മന്ത്രി കെ.ബി. ഗണേഷ് കുമാറിനും എതിരെയാണ് ഫ്ലക്സ് ബോർഡിൽ വിമർശനം.
നായർ സമുദായത്തേയും അയ്യപ്പ ഭക്തരെയും ഒന്നടങ്കം ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സുകുമാരൻ നായർ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും സ്വയം രാജിവച്ച് ഒഴിഞ്ഞു പോകണെമന്നുമാണ് ഫ്ലക്സ് ബോർഡിലെ ആവശ്യം. സുകുമാരൻ നായർക്ക് പാദസേവ ചെയ്യുന്ന മന്ത്രി കെ.ബി. ഗണേഷ് കുമാർ നായന്മാരുടെ മെക്കിട്ട് കേറാൻ വരണ്ടെന്നും ഫ്ലക്സ് ബോർഡിൽ എഴുതിയിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് ജി. സുകുമാരൻ നായരെ പിന്തുണച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്തെത്തിയത്. സുകുമാരൻ നായർക്ക് പിന്നിൽ പാറ പോലെ ഉറച്ചുനിൽക്കുമെന്നാണ് എൻഎസ്എസ് പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് കൂടിയായ ഗണേഷ് കുമാർ പറഞ്ഞത്. ചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ നാല് നായന്മാർ രാജിവച്ചാൽ കേരളത്തിലെ മുഴുവൻ നായന്മാരും രാജിവച്ചു എന്നല്ലെന്നും അവർക്ക് പോയി അവർക്ക് പോയി എന്നാണെന്നും മന്ത്രി പരിഹസിച്ചിരുന്നു. വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വേദിയിലായിരുന്നു ഗണേഷ് കുമാറിന്റെ പ്രഖ്യാപനം.