പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദത്തിൽ സമഗ്രാന്വേഷണത്തിന് ശുപാർശ ചെയ്യാൻ വിജിലൻസ്. ഇതു സംബന്ധിച്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണം പതിച്ചെന്ന് വിജിലൻസ് സ്ഥിരീകരിച്ചു. ചെമ്പെന്ന് രേഖപ്പെടുത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് വിജിലൻസ് നിഗമനം. കഴിഞ്ഞ ദിവസമാണ് ദ്വാരപാലക ശിൽപ്പങ്ങൾ സ്വർണം തന്നെ ആണെന്ന് വിജിലൻസിൻ്റെ അന്വേഷണത്തിൽ നിന്നും വ്യക്തമായത്.
ദേവസ്വം വിജിലൻസ് ശേഖരിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് ഈ ആഴ്ച തന്നെ ഹൈക്കോടതിയിൽ സമർപ്പിക്കും. ദ്വാരപാലക ശിൽപ്പങ്ങളിലേത് സ്വർണപ്പാളി തന്നെയാണ് എന്ന നിർണായക വിവരവും വിജിലൻസ് കോടതിയെ അറിയിക്കും. ദ്വാരപാലക ശിൽപ്പങ്ങളിലേത് ചെമ്പ് പാളിയാണ് എന്നാണ് 2019 ൽ ദേവസ്വം നൽകിയ റിപ്പോർട്ടിൽ പറയുന്നത്. എന്തുകൊണ്ടാണ് ദേവസ്വം ഇങ്ങനെ ഒരു റിപ്പോർട്ട് നൽകിയത് എന്ന് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും വിജിലൻസ് അറിയിച്ചു.
ഇത്തരത്തിൽ ദ്വാരപാലക ശിൽപ്പങ്ങളിലേത് ചെമ്പ് പാളിയാണ് എന്ന് റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യാൻ വിജിലൻസ് ആലോചിക്കുന്നതായും സൂചനയുണ്ട്. 2019ൽ ദേവസ്വം കമ്മിഷണറും എക്സിക്യൂട്ടീവ് ഓഫീസറും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ചേർന്നാണ് ഇത് ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത്. ശിൽപ്പങ്ങളിൽ സ്വർണ പാളിയെന്ന മുൻ രേഖകൾ അവഗണിച്ചാണ് ഇത്തരമൊരു തീരുമാനം അറിയിച്ചത്.