തിരുവനന്തപുരം: പാലോട് രവിയുടെ ഓഡിയോ സംഭാഷണം മാധ്യമങ്ങളില്‍ വന്നത് ശരിയായി കാണുന്നില്ലെന്ന് ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതലയുള്ള കെപിസിസി വൈസ് പ്രസിഡന്റ് എന്‍. ശക്തന്‍. തനിക്ക് ലഭിച്ച ഡിസിസി പ്രസിഡന്റ് ചുമതല താത്കാലികമാണ്. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഡിസിസി പ്രസിഡന്റുമാരില്‍ മാറ്റം വരുമെന്നും എന്‍. ശക്തന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പാലോട് രവിയുടെ സംഭാഷണം പൂര്‍ണമായും താന്‍ കേട്ടു. അദ്ദേഹം ശരിയായ രീതിയിലാണ് പറഞ്ഞത്. ചില കാര്യങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് വാര്‍ത്ത നല്‍കി. ചില വാക്കുകള്‍ സൂക്ഷിക്കണമായിരുന്നു. ചെയ്യാത്ത തെറ്റിനാണ് അദ്ദേഹത്തിന് ശിക്ഷ അനുഭവിക്കേണ്ടി വന്നതെന്നും എന്‍. ശക്തന്‍ പറഞ്ഞു.
അഭിപ്രായവ്യത്യാസം മാറ്റിവെച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകണം എന്ന് പറഞ്ഞതില്‍ തെറ്റില്ല. പൂര്‍ണ സംഭാഷണം പുറത്തുവിട്ടിരുന്നെങ്കില്‍ അദ്ദേഹത്തിന് രാജിവെക്കേണ്ടി വരില്ലായിരുന്നു. നല്ല പ്രവര്‍ത്തനം കാഴ്ചവെച്ച ഡിസിസി പ്രസിഡന്റായിരുന്നു പാലോട് രവി.
പാലോട് രവിയുടെ സംഭാഷണത്തിൻ്റെ പൂർണരൂപം
അഭിപ്രായവ്യത്യാസം മാറ്റിവെച്ച് ഒരുമിച്ച് പോകണമെന്നാണ് പാലോട് രവി പറഞ്ഞത്. ആ സംഭാഷണം മുഴുവന്‍ മാധ്യമങ്ങള്‍ കൊടുക്കണമായിരുന്നു. ഡിസിസി പ്രസിഡണ്ടിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അദ്ദേഹം ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടു. പറഞ്ഞതില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ചില വാക്കുകള്‍ ഉപയോഗിച്ചുപോയി. അത് മാത്രമാണ് അദ്ദേഹത്തില്‍ കാണുന്ന തെറ്റ്.
ആ സംഭാഷണം മുഴുവന്‍ മാധ്യമങ്ങള്‍ കൊടുക്കണം. കേരളത്തിലെ ജനങ്ങളും പാര്‍ട്ടി നേതൃത്വവും അതറിയാന്‍ ആഗ്രഹിക്കുന്നു. പാര്‍ട്ടിക്ക് അദ്ദേഹത്തിന്റെ രാജി സ്വീകരിക്കേണ്ടി വന്നു. ഒരു നല്ല ഡിസിസി പ്രസിഡന്റായിരുന്നു അദ്ദേഹം. അതില്‍ ആര്‍ക്കും തര്‍ക്കമില്ല. ആ സംഭാഷണം മുഴുവനായി കേട്ടത് ഇന്നലെ രാത്രിയാണ്. നേരത്തേ കേട്ടിരുന്നെങ്കില്‍ കെപിസിസി അധ്യക്ഷനോട് സംസാരിക്കുമായിരുന്നു.
കോണ്‍ഗ്രസുകാര്‍ക്ക് ശത്രു കോണ്‍ഗ്രസുകാര്‍ തന്നെയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ഇടതുപക്ഷത്തിനോ ബിജെപിക്കോ കഴിയില്ല. എല്ലാവരും ഗ്രൂപ്പിന് അതീതമായി പ്രവര്‍ത്തിക്കണമെന്നും എന്‍. ശക്തന്‍ പറഞ്ഞു.