എന്‍. ശക്തന്‍ ഡിസിസി പ്രസിഡന്റായി ചുമതലയേറ്റു 
KERALA

"കോണ്‍ഗ്രസിന് ഇത് ഗ്രൂപ്പില്ലാതെ കാലം"; തിരുവനന്തപരും ഡിസിസി അധ്യക്ഷനായി ശക്തന്‍ ചുമതലയേറ്റു

മഹത് വചനങ്ങൾക്ക് മാർദവമില്ലെങ്കില്‍ ഉദ്ദേശ്യ ശുദ്ധിയാൽ മാപ്പ് നൽകൂ എന്ന കവിതാ ശകലം ഉദ്ധരിച്ചായിരുന്നു പാലോട് രവിയുടെ പ്രതികരണം

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഡിസിസി അധ്യക്ഷനായി എന്‍. ശക്തന്‍ ചുമതലയേറ്റു. വിവാദ ഫോൺ വിളിയെ തുടർന്ന് പാലോട് രവി രാജി വെച്ചതിന് പിന്നാലെയാണ് എൻ. ശക്തന് ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല നല്‍കിയത്.

ശക്തമായ ഒരു അടിത്തറ കോണ്‍ഗ്രസ് പാർട്ടിക്കുണ്ടായിട്ടുണ്ടെന്ന് ശക്തന്‍ ചുമതലയേറ്റെടുത്ത ശേഷം പ്രതികരിച്ചു. രണ്ടാം പിണറായി സർക്കാർ അധികാരത്തില്‍ വന്ന ശേഷമുണ്ടായ ഉപതെരഞ്ഞെടുപ്പുകള്‍ അതിന് തെളിവാണ്. പാർട്ടിയുടെ സംസ്ഥാന നേതൃത്വം നടത്തിയ മുന്നൊരുക്കങ്ങളാണ് വന്‍ ഭൂരിപക്ഷം നേടാന്‍ സഹായിച്ചത്. വരും തെരഞ്ഞടുപ്പുകളിലും പാർട്ടിയെ വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ശക്തന്‍ കൂട്ടിച്ചേർത്തു.

"തിരുവനന്തപുരം ജില്ലയിലും കോണ്‍ഗ്രസ് ശക്തമാണ്. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഗ്രൂപ്പില്ലാതെ നല്ല പ്രവർത്തനം നടക്കുന്ന കാലഘട്ടമാണിത്. കോണ്‍ഗ്രസ് സുവർണ കാലഘട്ടത്തിലേക്ക് കടക്കാന്‍ പോകുകയാണ്. നാല് വർഷമായി നല്ല പ്രവർത്തനത്തിന് നേതൃത്വം കൊടുത്ത പാലോട് രവിയെ ഡിസിസിയുടെ പേരില്‍ അഭിനന്ദിക്കുന്നു, " എന്‍. ശക്തന്‍ പറഞ്ഞു.

ശബ്ദ രേഖാ വിവാദത്തില്‍ പാലോട് രവിക്ക് അനുകൂലമായ നിലപാടാണ് ഇന്നും ശക്തന്‍ സ്വീകരിച്ചത്. താഴേതട്ടിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കടുത്ത വാക്കുകള്‍ ഉപയോഗിച്ച് പരിഹരിക്കേണ്ടത് ഡിസിസി അധ്യക്ഷന്റെ ഉത്തരവാദിത്തമാണ്. പുറത്തുവന്ന ശബ്ദരേഖയെ ശാസനാ സ്വഭാവത്തില്‍ വന്ന ഉപദേശമായിട്ടാണ് കാണുന്നതെന്ന് ശക്തന്‍ കൂട്ടിച്ചേർത്തു.

അതേസമയം, മഹത് വചനങ്ങൾക്ക് മാർദവമില്ലെങ്കില്‍ ഉദ്ദേശ്യ ശുദ്ധിയാൽ മാപ്പ് നൽകൂ എന്ന കവിതാ ശകലം ഉദ്ധരിച്ചായിരുന്നു പാലോട് രവിയുടെ പ്രതികരണം. താഴേത്തട്ടിലേക്ക് പൊകുമ്പോള്‍ അച്ചടി ഭാഷയില്‍ സംസാരിക്കാനാകില്ല. ശക്തന്റെ പ്രവർത്തനങ്ങള്‍ക്ക് പൂർണ പിന്തുണ നല്‍കുന്നതായും രവി പറഞ്ഞു.

SCROLL FOR NEXT