തിരുവനന്തപുരം: പിഎം ശ്രീയിൽ നിന്ന് ഏകപക്ഷീയമായി പിന്മാറാൻ പ്രയാസമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. കഴിഞ്ഞ സർക്കാർ കേന്ദ്രവുമായി എംഒയു ഒപ്പിട്ടത് വസ്തുതയാണ്. ഈ സർക്കാർ കഴിഞ്ഞ സർക്കാരിൻ്റെ തുടർച്ചയാണ്. ഒപ്പിട്ട് പ്രതിസന്ധി ഉണ്ടാക്കിയത് കഴിഞ്ഞ സർക്കാർ ആണ്. അതേ പണി തന്നെയാണ് ഞങ്ങളും ചെയ്യുന്നത് എന്നും എൻ. ഷംസുദ്ദീൻ പറഞ്ഞു.
കഴിഞ്ഞ സർക്കാർ പദ്ധതിയിൽ ഒപ്പുവച്ചതോടെ കേന്ദ്രസർക്കാർ തടഞ്ഞുവച്ച എസ്എസ്കെ ഫണ്ട് റിലീസ് ചെയ്തു. തുടർ നടപടികൾ സ്വീകരിക്കാൻ കേന്ദ്രത്തിൽ നിന്ന് കത്തുകൾ വരുന്നുണ്ട്. കഴിഞ്ഞ സർക്കാർ തന്നെ പദ്ധതിയിൽ ഒപ്പുവച്ച് കഴിഞ്ഞു. അന്ന് പ്രതിപക്ഷ കക്ഷി ആയതിനാലാണ് സർക്കാരിനെതിരെ സംസാരിച്ചത് എന്നും എൻ. ഷംസുദ്ദീൻ കൂട്ടിച്ചേർത്തു.
പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു. കേന്ദ്ര വിദ്യാഭ്യാസ നയത്തിലെ വർഗീയ അജണ്ട നടപ്പാക്കില്ലെന്നും കേന്ദ്ര ഫണ്ട് വാങ്ങിച്ചെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുൻ സർക്കാർ ഒപ്പിട്ട് പണം വാങ്ങിയതിനാൽ പദ്ധതി തുടരാൻ കേരളം നിർബന്ധിതരാണ്. പാഠ്യപദ്ധതിയും സ്കൂളുകളും സംസ്ഥാനം തീരുമാനിക്കും. കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ള പണം കിട്ടണമെന്നും വി.ഡി. സതീശൻ പറഞ്ഞു. കേരളത്തിന് അവകാശപ്പെട്ട തുകയാണ് കേന്ദ്രത്തോട് ചോദിക്കുന്നത്. അത് കേന്ദ്രത്തിൻ്റെ ഔദാര്യമല്ല. സംസ്ഥാനത്തിൻ്റെ അവകാശമാണ് എന്നും വി.ഡി. സതീശൻ വ്യക്തമാക്കി.