KERALA

അമീബിക് മസ്തിഷ്‌ക ജ്വരത്തിൽ സഭയിൽ ചർച്ച; ആരോഗ്യവകുപ്പ് ഇരുട്ടിൽ തപ്പുന്നെന്ന് എൻ. ഷംസുദ്ദീൻ; മരണനിരക്ക് കുറച്ചെന്ന് സർക്കാർ

''യഥാര്‍ഥ കണക്ക് മറച്ചുവച്ചെ് മേനി നടിക്കാനാണ് ശ്രമം. ഉറവിടം കണ്ടെത്തി രോഗം തടയുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയം''

Author : ന്യൂസ് ഡെസ്ക്

അമീബിക് മസ്തിഷ്‌ക ജ്വര വ്യാപനവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ചര്‍ച്ച. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സഭ നിര്‍ത്തിവെച്ച് അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച നടത്തുന്നത്. എൻ. ഷംസുദ്ദീന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്.

അമീബിക് മസ്തിഷ്‌ക ജ്വരത്തില്‍ സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണെന്ന് ഷംസുദ്ദീന്‍ പറഞ്ഞു. എങ്ങനെ പ്രതിരോധിക്കണമെന്ന കാര്യത്തില്‍ ആരോഗ്യ വകുപ്പിന് വ്യക്തതയില്ല. ഏറ്റവും കൂടുതല്‍ കേസുകള്‍ കേരളത്തിലാണ്. ഇവിടെ മരണ നിരക്ക് കുറവാണെന്ന് പറഞ്ഞു നില്‍ക്കുകയാണെന്നും ഷംസുദ്ദീന്‍ പറഞ്ഞു.

അമീബിക് മസ്തിഷ്‌ക ജ്വരത്തില്‍ മരണ നിരക്ക് പൂഴ്ത്തിവെച്ചുവെന്ന് ആരോപണമുണ്ട്. അമീബിക് മസ്തിഷ്‌ക ജ്വരമെന്ന് സംശയിക്കപ്പെടുന്നവരുടെ പട്ടികയില്‍ കുറേ പേര് ചേര്‍ത്തു. യഥാര്‍ഥ കണക്ക് മറച്ചുവച്ചെ് മേനി നടിക്കാനാണ് ശ്രമം. ഉറവിടം കണ്ടെത്തി രോഗം തടയുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്നും ഷംസുദ്ദീന്‍ പറഞ്ഞു.

മരണനിരക്ക് കുറവാണ് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. രോഗം വന്നിട്ട് ചികിത്സിക്കല്‍ അല്ല. രോഗം വരാതെ നോക്കേണ്ടേ. ഒരു കര്‍മ്മപദ്ധതി തയ്യാറാക്കാന്‍ പോലും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. വീട്ടില്‍ കുളിച്ചവര്‍ക്കും രോഗം വന്നു. നാല് മാസം പ്രായമായ കുഞ്ഞിന് ഏത് കുളത്തില്‍ കുളിച്ചിട്ടാണ് അസുഖം വന്നത്.

2013ല്‍ പഠനം നടത്തിയ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ടര്‍ നല്‍കിയത് 2018. ഉമ്മന്‍ചാണ്ടിയെ ചാരി ശൈലജ ടീച്ചര്‍ക്ക് ഒരടി എന്നാണോ മന്ത്രിയുടെ സൂത്രം. ഉമ്മന്‍ചാണ്ടിയെ ചാരി ശൈലജ ടീച്ചര്‍ക്ക് ഒരു അടി അതാണോ വീണാ ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വിമര്‍ശനങ്ങളെ നേരിടാനുള്ള ആര്‍ജ്ജവം കാണിക്കുകയാണ് വേണ്ടത്. 2013ലെ റിപ്പോര്‍ട്ടിന്റെ തലപ്പ് വെട്ടിയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ മന്ത്രി പങ്കുവെച്ചതെന്നും ഷംസുദ്ദീന്‍ ആരോപിച്ചു.

കോഴിക്കോട് ജില്ലാ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ മുടങ്ങിയിട്ട് 10 മാസം. പണമുള്ളവരുടെ ഹൃദയം മാത്രം പണിമുടക്കിയാല്‍ മതിയെന്ന അവസ്ഥയിലേക്ക് കേരളം മാറി. 594 കോടി രൂപ മരുന്നു വിതരണക്കാര്‍ക്ക് കൊടുക്കാനുണ്ട്. ആരോഗ്യരംഗത്ത് 2000 കോടിയുടെ കുടിശിക. പാവപ്പെട്ടവന്റെ ആരോഗ്യം വെച്ചാണ് കളിക്കുന്നത്. ആരോഗ്യരംഗം ഒന്ന് നിവര്‍ന്ന് നില്‍ക്കാന്‍ കഴിയാത്ത വിധം തകര്‍ന്നിരിക്കുന്നു. കപ്പിത്താന്‍ ഉണ്ടായിട്ടു കാര്യമില്ല കപ്പല്‍ മുങ്ങിപ്പോയി. ഈ കപ്പല്‍ പൊങ്ങില്ലെന്നും വീണ ജോര്‍ജിനോടായി ഷംസുദ്ദീന്‍ എംഎല്‍എ പറഞ്ഞു.

അതേസമയം അമീബിക് മസ്തിഷ്‌ക ജ്വരത്തില്‍ മരണ നിരക്ക് കേരളത്തില്‍ അത് 24% ആയി കുറച്ചുവെന്ന് പി ബാലചന്ദ്രന്‍ എംഎല്‍എ പറഞ്ഞു. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചാല്‍ 99% ആണ് ആഗോളതലത്തില്‍ മരണ നിരക്ക്. എന്നാല്‍ കേരളത്തില്‍ അത് 24% ആയി താഴ്ത്തി കൊണ്ടുവരാന്‍ കഴിഞ്ഞു. കുഞ്ഞുങ്ങളെ കൊല്ലാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിക്കാന്‍ ആണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പി. ബാലചന്ദ്രന്‍ പറഞ്ഞു.

SCROLL FOR NEXT