KERALA

മയിൽപ്പീലി സ്കോളർഷിപ്പ് വിവാദം: ഹൈക്കോടതിയെ സമീപിക്കാൻ ദേശീയ അധ്യാപക പരിഷത്ത്

ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായില്ലെങ്കിലും ജില്ലാ തല മത്സരങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനമെന്നും ദേശീയ അധ്യാപക പരിഷത്ത് ജനറൽ സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മയിൽപ്പീലി സ്കോളർഷിപ്പ് വിവാദത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ ദേശീയ അധ്യാപക പരിഷത്ത് ജനറൽ സെക്രട്ടറി ടി. അനൂപ് കുമാർ. മയിൽപ്പീലി മാസിക ദേശീയ അധ്യാപക പരിഷത്തുമായി സഹകരിച്ച് കേരളത്തിലെ സ്കൂളുകളിൽ നടത്താനിരുന്ന യംഗ് സ്കോളർ എക്‌സാമിനുള്ള പിന്തുണ, വലിയ വിവാദങ്ങൾക്ക് പിന്നാലെ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വാഭാവികമായ നീതി നിഷേധിച്ചു എന്ന വാദം ഉയർത്തി ടി. അനൂപ് കുമാർ ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിക്കാനൊരുങ്ങുന്നത്.

യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി യംഗ് സ്കോളർ എക്സാം എന്ന പേരിലുള്ള സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കാൻ ആദ്യം അനുമതി നൽകിയ പൊതുവിദ്യാഭ്യാസ വകുപ്പ് പിന്നീട് ഏകപക്ഷീയമായി തീരുമാനം സ്വീകരിച്ചുവെന്നാണ് ടി. അനൂപ് കുമാറിൻ്റെ പരാതി. മറ്റു സംഘടനകൾക്ക് നൽകുന്ന പരിഗണന തങ്ങൾക്ക് ലഭിച്ചില്ലെന്നും അദ്ദേഹം വാദിച്ചു.

വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു വച്ച നിബന്ധനകൾ ഞങ്ങൾ ലംഘിച്ചിട്ടില്ല. പരീക്ഷയെഴുതിയ വിദ്യാർഥികളോട് കാണിക്കുന്ന വിവേചനമാണ് ഈ നടപടിയെന്നും ഹർജിക്കാരൻ വാദമുയർത്തുന്നു. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായില്ലെങ്കിലും ജില്ലാ തല മത്സരങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനമെന്നും ദേശീയ അധ്യാപക പരിഷത്ത് ജനറൽ സെക്രട്ടറി ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു.

സിനിമാ താരം ഉണ്ണി മുകുന്ദനാണ് പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ. ഇതാദ്യമായാണ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കായി എൻടിയുവിൻ്റെ നേതൃത്വത്തിൽ സ്കോളർഷിപ്പ് മത്സരം സംഘടിപ്പിക്കുന്നത്. സ്കൂൾ തലം, സബ് ജില്ലാ തലം, ജില്ലാ തലം, സംസ്ഥാന തലം എന്നിങ്ങനെ പരീക്ഷ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഡിസംബറിൽ തൃശൂരിൽ വച്ച് നടക്കുന്ന ചടങ്ങിൽ സ്കോളർഷിപ്പ് വിതരണം ചെയ്യുമെന്നാണ് സംഘാടകർ അറിയിച്ചത്.

മുൻ ഡിജിപി ജേക്കബ് തോമസ്, കേരള സർവകലാശാല വി.സി ഡോ. മോഹൻ കുന്നുമ്മേൽ, ഡോ. ജെ. പ്രമീളാ ദേവി, മുൻ കാലിക്കറ്റ് സർവകലാശാല വി.സി ഡോ. എം. അബ്ദുൾ സലാം, ഐഐടി ബോംബെയിലെ പ്രൊഫസർ കെ.ജി. സുരേഷ് എന്നിവർ അഡ്വൈസറി ബോർഡ് അംഗങ്ങളായാണ് പരിപാടി സംഘടിപ്പിക്കാൻ ഒരുങ്ങിയത്. പരീക്ഷാ ബോർഡിൽ ടി. അനൂപ് കുമാർ, സി.കെ. ബാലകൃഷ്ണൻ, കെ.ജി. ഹരികുമാർ, ഡോ. പ്രവീൺ കുമാർ എന്നിവരുമുണ്ട്.

SCROLL FOR NEXT