KERALA

ജനങ്ങളെ കേൾക്കാൻ സർക്കാർ; നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാമിന് തുടക്കം

പരിപാടിയുടെ ഭാഗമായി ഭാവി വികസനത്തിനുള്ള നിർദേശങ്ങൾ ജനങ്ങൾക്ക് ഇതിലൂടെ അറിയിക്കാം.

Author : പ്രിയ പ്രകാശന്‍

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായം അറിയാനുള്ള നവകേരളം സിറ്റിസൺ റെസ്പോൺസ് പരിപാടിക്ക് തുടക്കം. 85,000 കർമ്മ സേന അംഗങ്ങൾ 85 ലക്ഷം വീടുകൾ സന്ദർശിച്ചാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ഭാവി വികസനത്തിനുള്ള നിർദേശങ്ങളും ജനങ്ങൾക്ക് ഇതിലൂടെ അറിയിക്കാം.

പത്താം വർഷത്തിലേക്ക് കടക്കുന്ന പിണറായി സർക്കാരിനെ കുറിച്ച് ജനം എന്ത് ചിന്തിക്കുന്നുവെന്ന് കണ്ടെത്തുക എന്നതാണ് നവകേരളം സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാമിൻ്റെ ലക്ഷ്യം. നടപ്പാക്കിവരുന്ന വികസന പദ്ധതികളില്‍ എന്തെല്ലാം മാറ്റം വേണം, എന്തെല്ലാം പുതിയ ക്ഷേമപദ്ധതികള്‍ വേണം, നിലവിലെ പദ്ധതികളില്‍ മാറ്റം നിര്‍ദേശിക്കാനുണ്ടോ എന്നിവയാണ് പ്രധാനമായും ആരായുന്നത്.

പിണറായി സര്‍ക്കാരിൻ്റെ ഒന്‍പതു വര്‍ഷത്തെ പ്രവർത്തനങ്ങൾ വിവരിക്കുന്ന എട്ട് പേജുള്ള ലഘുലേഖയും സന്നദ്ധ പ്രവര്‍ത്തകര്‍ പൊതുജനങ്ങൾക്ക് കൈമാറും. ഒരു വാർഡിൽ 4 കർമ സേനാംഗങ്ങളാണ് ഉണ്ടാവുക. പൊതുകൂട്ടായ്മകളും ചർച്ചകളും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ശേഖരിക്കുന്ന വിവരങ്ങൾ ഒരു ആപ്പിലേക്ക് ചേർക്കും. ഇത് വിശകലനം ചെയ്ത് സമഗ്രമായ റിപ്പോർട്ട് പ്രസിദ്ധീകരിക്കാനാണ് സർക്കാർ തീരുമാനം.

SCROLL FOR NEXT