KERALA

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ്: ഡോക്ടർ ബിന്ദു സുന്ദറിനെ സ്ഥലംമാറ്റി

ഡോക്ടർക്കെതിരെ കേസ് എടുക്കാതെ കുഞ്ഞിൻ്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കുടുംബം അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ചെന്ന ആരോപണത്തില്‍ നടപടിയുമായി ആരോഗ്യ വകുപ്പ്. ആരോപണ വിധയായ ഡോക്ടർ ബിന്ദു സുന്ദറിനെ സ്ഥലംമാറ്റി. പുനലൂർ താലൂക്ക് ആശുപത്രിയിലേക്കാണ് സ്ഥലംമാറ്റിയത്. മുമ്പും ബിന്ദു സുന്ദറിനെതിരെ ആരോപണം ഉയർന്നിട്ടുണ്ട്.

സംഭവത്തെ തുടർന്ന് മന്ത്രി വീണാ ജോര്‍ജിൻ്റെ നിര്‍ദേശ പ്രകാരം വിശദമായ അന്വേഷണത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പീഡിയാട്രിക്, ഗൈനക്കോളജി, അനസ്‌തേഷ്യ വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. ഇന്ന് തന്നെ അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രിയുടെ നിർദേശം.

കഴിഞ്ഞ ദിവസമാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ വീണ്ടും ചികിത്സാ പിഴവ് ആരോപണം ഉയർന്നത്. സിസേറിയനിടെ കുഞ്ഞ് മരിച്ചെന്നാണ് പാലോട് സ്വദേശി നിരഞ്ജനയുടെയും ബിനിലിൻ്റെയും പരാതി. ഡോക്ടർ ബിന്ദു സുന്ദറിൻ്റെ നേതൃത്വത്തിലാണ് സിസേറിയൻ നടത്തിയത്. എന്നാൽ താൻ അല്ല പ്രസവം നോക്കിയത് എന്നായിരുന്നു ഡോക്ടറുടെ പ്രതികരണം. ഒപ്പമുണ്ടായ നഴ്സുമാരോട് ചോദിച്ചപ്പോൾ ഡോക്ടർ തന്നെയാണ് നോക്കിയതെന്ന് പറയുകയും ചെയ്തു എന്നും ബിനിൽ പറഞ്ഞു. ഡോക്ടർക്കെതിരെ കേസ് എടുക്കാതെ കുഞ്ഞിൻ്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും കുടുംബം അറിയിച്ചു.

SCROLL FOR NEXT