KERALA

മിനി കൂപ്പര്‍ പരിശോധിച്ച് BMW സംഘം; കുറ്റപത്രം ബലപ്പെടുത്താന്‍ എംവിഡി

അപകടം നടന്നപ്പോള്‍ വാഹനം ബ്രേക്ക് ചെയ്തു എന്നതടക്കം പരിശോധനകള്‍ നടത്തി

Author : ന്യൂസ് ഡെസ്ക്

കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ അപകടം ഉണ്ടാക്കിയ മിനി കൂപ്പര്‍ വാഹനം ബിഎംഡബ്ല്യൂ സംഘം പരിശോധിച്ചു. ഡല്‍ഹിയില്‍ നിന്നുള്ള സംഘമാണ് കൊച്ചിയില്‍ എത്തി പരിശോധന നടത്തിയത്. അപകടം നടന്നപ്പോള്‍ വാഹനം ബ്രേക്ക് ചെയ്തു എന്നതടക്കം പരിശോധനകള്‍ നടത്തി.

ഒരാഴ്ചക്കകം പരിശോധനാ റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറും. കുറ്റപത്രം ബലപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികള്‍. ഇതിനൊപ്പം റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ്, പൊലീസ്, സിയാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം സ്ഥലത്ത് സംയുക്ത പരിശോധന നടത്തി.

എറണാകുളം എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ ബിജു ഐസക്കിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അപകടത്തിന്റെ പശ്ചാത്തലത്തില്‍ അത്താണി സിഗ്‌നല്‍ മുതല്‍ വിമാനത്താവളം വരെയുള്ള പാതയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനമായി.

വിവിധ ഏജന്‍സികളുമായി സഹകരിച്ച് റോഡിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും കാര്യക്ഷമമായി മോണിറ്റര്‍ ചെയ്യുന്നതിനുമുള്ള വിശദമായ ശുപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ട് സര്‍ക്കാരിന് ഉടന്‍ സമര്‍പ്പിക്കും.

റോഡിലെ വളവുകള്‍, യു-ടേണുകള്‍, ബ്ലിങ്കര്‍ ലൈറ്റുകള്‍, റബിള്‍ സ്ട്രിപ്പുകള്‍, എ.ഐ നിരീക്ഷണ ക്യാമറകള്‍, കൃത്യമായ റോഡ് മാര്‍ക്കിംഗുകള്‍, ദിശാ സൂചകങ്ങള്‍ എന്നിവ സ്ഥാപിക്കുന്നതിന്റെ സാധ്യതകള്‍ സംഘം നേരിട്ട് വിലയിരുത്തി.

SCROLL FOR NEXT