KERALA

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: വ്യാജ ആരോപണം ഉന്നയിച്ച DYFI നേതാവിനെതിരെ കേസ് എടുക്കണമെന്ന് മന്ത്രി എം. ലിജു

സാമൂഹ്യ മാധ്യമങ്ങൾ വഴി മോശമായ പരാമർശങ്ങൾ നടത്തിയ ഷബീർ ഇബ്നു സലീം എന്നയാൾക്കെതിരെയും മന്ത്രി ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

നെടുമ്പാശ്ശേരി അപകടക്കേസിൽ പ്രതിക്ക് വേണ്ടി ഇടപെട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച സംഭവത്തിൽ സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ലിജു സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. മാധ്യമങ്ങൾ വഴി വ്യാജപ്രചാരണം നടത്തുകയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും ചെയ്ത ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവലിനെതിരെ കേസെടുക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം.

ഇതിനുപുറമേ സാമൂഹ്യ മാധ്യമങ്ങൾ വഴി മോശമായ പരാമർശങ്ങൾ നടത്തിയ ഷബീർ ഇബ്നു സലീം എന്നയാൾക്കെതിരെയും മന്ത്രി ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. തൻ്റെ ഔദ്യോഗിക പദവിയെയും പ്രതിച്ഛായയെയും തകർക്കാൻ ലക്ഷ്യമിട്ട് പ്രതിക്ക് വേണ്ടി മന്ത്രി ഇടപെട്ടെന്ന തരത്തിൽ ബോധപൂർവം വ്യാജപ്രചരണങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.

ഈ മാസം 11 ന് പുലർച്ചെയാണ് നെടുമ്പാശേരിയിൽ വിമാനത്താവളത്തിനടുത്ത് അത്താണിയിൽ വാഹനാപകടത്തിൽ മൂന്ന് പേരുടെ ജീവൻ പൊലിഞ്ഞത്. മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ചാണ് അപകടം ഉണ്ടായത്. മരിച്ച മൂവരും സ്കൂട്ടർ യാത്രികരാണ്. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഇജാസ്, ദേവിക, ഗോപിക എന്നിവരാണ് മരണമടഞ്ഞത്.

SCROLL FOR NEXT