കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്കായി സർക്കാർ മാതൃകാ ടൗണ്‍ഷിപ്പില്‍ നിർമിച്ചു നല്‍കിയ വീടുകളും തങ്ങള്‍ നിർമിച്ചു നല്‍കിയ വീടുമായി താരതമ്യം ചെയ്യുന്നതില്‍ പ്രതികരണവുമായി ലാംഗേജ് ട്രെയിനിങ് സ്ഥാപനമായ നീതൂസ് അക്കാദമി. സേവന പ്രവൃത്തിയെ വിവാദങ്ങളിൽ ഉപയോഗിക്കുന്നത് ദുഃഖകരമാണെന്ന് നീതൂസ് അക്കാദമി എംഡി നീതു ബോബന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവർത്തനത്തിനിടെ ജീവന്‍ നഷ്ടമായ പ്രജീഷിന്റെ കുടുംബത്തിനാണ് നീതൂസ് അക്കാദമി വീട് വെച്ചു നല്‍കിയത്.
നീതൂസ് അക്കാദമിക്കായി വീട് നിർമിച്ച കോണ്‍ട്രാക്ടർ ഷാജിമോന്‍ ചൂരല്‍മലയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ചർച്ചകള്‍ക്ക് തുടക്കമിട്ടത്. സർക്കാരിനായി ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി നിർമിച്ച വീടിന്റെയും താന്‍ പണിതീർത്ത വീടിന്റെയും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു പോസ്റ്റ്.
"ദുരന്ത ബാധിതന് സന്മനസുള്ള ഒരു ഗ്രൂപ്പ് 15 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ചു നൽകിയ വീടാണ് ആദ്യത്തേത് !
രണ്ടാമത്തേത് 30 ലക്ഷം രൂപ ചിലവിൽ ദുരന്തബാധിതർക്ക് കേരള ഗവൺമെൻ്റ് ടൗൺഷിപ്പിൽ നിർമ്മിച്ചു നൽകുന്ന വീട് !
ആദ്യത്തേത് ചെറിയൊരു നിർമ്മാണ കരാറുകാരൻ ആയ ഈയുള്ളവൻ ആണ് നിർമ്മിച്ചത് !
രണ്ടാമത്തേത് വിശ്വപ്രസിദ്ധ കൺസ്ട്രക്ഷൻ കമ്പനി ആയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയും ..... ശ്രദ്ധിക്കണ്ടേ അമ്പാനേ ...... ," ദുരന്ത ബാധിതന് സന്മനസുള്ള ഒരു ഗ്രൂപ്പ് 15 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ചു നൽകിയ വീടാണ് ആദ്യത്തേത് !
രണ്ടാമത്തേത് 30 ലക്ഷം രൂപ ചിലവിൽ ദുരന്തബാധിതർക്ക് കേരള ഗവൺമെൻ്റ് ടൗൺഷിപ്പിൽ നിർമ്മിച്ചു നൽകുന്ന വീട് !
ആദ്യത്തേത് ചെറിയൊരു നിർമ്മാണ കരാറുകാരൻ ആയ ഈയുള്ളവൻ ആണ് നിർമ്മിച്ചത് !
രണ്ടാമത്തേത് വിശ്വപ്രസിദ്ധ കൺസ്ട്രക്ഷൻ കമ്പനി ആയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയും .....ശ്രദ്ധിക്കണ്ടേ അമ്പാനേ ......," ഷാജിമോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഈ പോസ്റ്റ് വിവാദമായതോടെയാണ് നീതു ബോബന്‍ വിശദീകരണവുമായി രംഗത്തെത്തിയത്. 15 ലക്ഷം രൂപ കൊണ്ട് സ്ഥലം വാങ്ങി വീടും ഇൻ്റീയർ ഉൾപ്പെടെ പണിത് തീർക്കാൻ കഴിയില്ല എന്നത് യാഥാർഥ്യമാണ്. പോസ്റ്റ് വിവാദമായതോടെ കോണ്‍ട്രാക്ടറോട് യഥാർഥ ചെലവുകൾ സംസാരിച്ചുവെന്നും അതിന് ശേഷം കാര്യങ്ങൾ വ്യക്തമാക്കി വിശദീകരണ പോസ്റ്റ് അദ്ദേഹം പങ്കുവെച്ചിട്ടുണ്ടെന്നും നീതു പോസ്റ്റില്‍ പറയുന്നു.
പക്ഷേ, സ്ഥലത്തിന്റേയും ഇന്റീരിയർ വർക്കിന്റേയും ചെലവ് താന്‍ പുറത്തുവിട്ട കണക്കില്‍ ഉള്‍പ്പെടുന്നില്ലെന്ന് കാട്ടിയുള്ള വിശദീകരണ പോസ്റ്റിലും കോണ്‍ട്രാക്ടർ വിവാദങ്ങള്‍ ഒഴിവാക്കുന്നില്ല. 'മാതൃകാ വീട് ഇത്രയും ദരിദ്രമാണെങ്കിൽ പിന്നീട് നിർമ്മിക്കുന്ന 450 വീടുകളുടെ അവസ്ഥ എന്താവും,' എന്ന് പറഞ്ഞാണ് ഷാജിമോന്‍ തന്റെ വിശദീകരണ പോസ്റ്റ് അവസാനിപ്പിച്ചത്.
പ്രിയപ്പെട്ടവരെ,
കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിൽ തന്നെ സൗത്ത് ഇന്ത്യയിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനമായി വളർന്ന സ്ഥാപനമാണ് നീതൂസ് അക്കാദമി.
അക്കാദമിക് മികവിനൊപ്പം തന്നെ, സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളിയാകാൻ നീതൂസ് അക്കാദമി എപ്പോഴും ശ്രമിച്ചിട്ടുണ്ട്.
അതിന്റെ ഭാഗമായി, മുണ്ടക്കൈയിലെ നമ്മുടെ സ്വന്തം സൂപ്പർഹീറോ പ്രജീഷിന്റെ അമ്മയ്ക്ക് സ്ഥലം വാങ്ങി വീട് പണിത് കൊടുത്തത് ഞങ്ങളുടെ ഒരു സേവനമനുബന്ധമായ സത്പ്രവർത്തിയായിരുന്നു. അതിനെ വിവാദങ്ങളിൽ ഉപയോഗിക്കപ്പെടുന്നത് ദുഃഖകരമാണ്.
ഞങ്ങൾ വീട് പണിയുവാൻ ഏൽപ്പിച്ച കോൺട്രാക്റ്റർ വയനാട്കാരനാണ്. എറണാകുളത്തുള്ള ഞങ്ങൾക്ക് ഇവിടെയുള്ള ഒരു കോൺട്രാക്റ്ററെ കൊണ്ട് പോയി ജോലി ചെയ്യിപ്പിക്കാൻ സാങ്കേതിക ബുദ്ധിമുട്ടുണ്ട്. അത് കൊണ്ട് തന്നെ മരണപ്പെട്ട പ്രജീഷിൻ്റെ ചേട്ടൻ പ്രവീൺ കണക്റ്റ് ചെയ്ത അഞ്ച് കോൺട്രാക്റ്റർമാറിൽ നിന്നും ഇദ്ദേഹത്തിൻ്റെ കൊട്ടേഷൻ കണ്ടിട്ട് വർക്ക് അദ്ദേഹത്തെ ഏൽപ്പിക്കുകയായിരുന്നു. അദ്ദേഹത്തിൻ്റെ രാഷ്ട്രീയമോ മറ്റ് പശ്ചാത്തലമോ ഞങ്ങൾക്ക് അറിയില്ല.
കോൺട്രാക്റ്ററുടെ പ്രാഥമിക ഫേസ്ബുക്ക് പോസ്റ്റ് വലിയ വിവാദത്തിന് വഴിവെച്ചെങ്കിലും, ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ട ഉടനെ ഞങ്ങളുടെ ടീം അദ്ദേഹത്തോട് ഇതിൻ്റെ യഥാർഥ ചിലവുകൾ സംസാരിച്ചു. അതിന് ശേഷം കാര്യങ്ങൾ വ്യക്തമാക്കി വിശദീകരണ പോസ്റ്റ് അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
കോൺട്രാക്റ്റർക്ക് കൊടുത്തതിന് പുറമെ വീടിനുള്ള സ്ഥലം വാങ്ങാനും ഇൻ്റീരിയറിനും വേറെ പൈസ ചെലവായിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവമായി നിലനിൽക്കുന്ന ഒരു സ്ഥാപനം എന്ന നിലയിൽ എത്ര രൂപ കൃത്യമായ ചെലവായി എന്ന് പറയുവാൻ ഞങ്ങളുടെ കമ്പനി പോളിസി അനുവദിക്കുന്നില്ല എന്ന കാര്യം കൂടെ വളരെ വിനീതമായി ഓർമ്മപ്പെടുത്തുകയാണ്. എന്തായാലും 15 ലക്ഷം രൂപക്ക് സ്ഥലം വാങ്ങി വീടും ഇൻ്റീയർ ഉൾപ്പെടെ പണിത് തീർക്കാൻ കഴിയില്ല എന്നത് യാഥാർഥ്യവുമാണ്.
സമൂഹത്തോടുള്ള ഉത്തരവാദിത്തത്തിന്റെ ഭാഗമായും, പ്രജീഷിനോടുള്ള ആദരസൂചകമായും നടത്തിയ ഈ സത്കാര്യത്തെ ദയവായി വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് ഞങ്ങൾ ഹൃദയപൂർവം അഭ്യർത്ഥിക്കുന്നു.
വയനാട് ദുരന്തം ഉണ്ടായപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വലിയ ഒരു തുക ഞങ്ങൾ സംഭാവന ചെയ്തിരുന്നു. ഇനിയും സർക്കാർ ചെയ്യുന്ന എല്ലാ നല്ല പ്രവർത്തനങ്ങൾക്കും ഞങ്ങൾ കൂടെയുണ്ടാകും.