യെമനില്‍ വധശിക്ഷ വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനായി ഒരു ജനതയും സര്‍ക്കാരും മതമേലധ്യക്ഷന്മാരുമൊക്കെ കൈകോര്‍ക്കുമ്പോള്‍ തന്നെയാണ് ഒരു വിഭാഗം കുത്തിത്തിരിപ്പുമായി ഇറങ്ങിയിരിക്കുന്നത്. നാട്ടില്‍ തുടങ്ങിയ പ്രചരണങ്ങള്‍ യെമന്‍ വരെ എത്തിയിരിക്കുന്നു. നീതിയോ കരുണയോ കാട്ടേണ്ടവരിലേക്ക് അവ എത്തുമ്പോഴുള്ള സ്ഥിതി ആശാവഹമല്ല. നിമിഷ പ്രിയ സ്വതന്ത്രയാകരുതെന്ന് ആഗ്രഹിക്കുന്നവരോ, അവര്‍ വധശിക്ഷ നേരിടട്ടെ എന്ന് ചിന്തിക്കുന്നുവരോ നടത്തുന്ന പ്രചരണങ്ങളാണ് ഒരു കൂട്ടത്തിന്റെ പ്രയത്നങ്ങള്‍ക്കെല്ലാം തുരങ്കം വയ്ക്കുന്നത്. തലാലിന്റെ കുടുംബത്തെ പോലും അസ്വസ്ഥമാക്കുന്ന തരത്തിലും, അവരുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്ന തരത്തിലേക്കുമൊക്കെ ഇത്തരം പ്രചരണങ്ങള്‍ ചെന്നെത്തിയിട്ടുണ്ട്. നിമിഷ പ്രിയയെ മോചിപ്പിക്കാന്‍ നടത്തുന്ന പരിശ്രമങ്ങളെയെല്ലാം അത് തകര്‍ക്കുമെന്നും, ഇത്തരം പ്രചരണങ്ങളില്‍നിന്ന് അകന്നുനില്‍ക്കണമെന്ന് പലരും ഓര്‍മിപ്പിക്കുന്നുമുണ്ട്.
നിമിഷ പ്രിയ സ്വതന്ത്രയാകരുതെന്ന് ആഗ്രഹിക്കുന്ന കുറേപ്പേര്‍ കേരളത്തിലുണ്ടെന്ന് വ്യക്തമാകുന്നു എന്നാണ് മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ജംഷാദ് കെ. ഫേസ്ബുക്കില്‍ കുറിച്ചത്. കൊലപ്പെട്ട തലാല്‍ അബ്ദുള്‍ മഹ്ദിയുടെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി ഇപ്പോള്‍ മലയാളത്തിലാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്. ആദ്യമെല്ലാം അറബിയിലായിരുന്നു. കേരളത്തിലെ വാര്‍ത്തകള്‍ എടുത്തുപറഞ്ഞാണ് പോസ്റ്റ് ഇടുന്നത്. ഗൂഗിള്‍ ട്രാന്‍സ്‌ലേഷന്‍ അല്ല, കേരളത്തില്‍നിന്ന് പി.ആര്‍. സഹായം ലഭിക്കുന്നുണ്ടെന്ന് സംശയം ജനിപ്പിക്കുന്ന വിധത്തിലുള്ളതാണ് ഫത്താഹിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റുകളെന്ന സംശയവും ജംഷാദ് പങ്കുവച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി ഇപ്പോൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നത് മലയാളത്തിൽ ആണ്. ആദ്യമെല്ലാം അറബിയിലാണ് അദ്ദേഹത്തിൻ്റെ പോസ്റ്റ് ഞാൻ വായിച്ചത്. ഇന്നലെ മുതൽ പോസ്റ്റിൽ കേരളത്തിലെ വാർത്തകൾ പ്രത്യേകം എടുത്തു പറയാൻ തുടങ്ങി. സോഷ്യൽ മീഡിയയിൽ മലയാളികളുടെ പോസ്റ്റിന്റെ ലിങ്ക് ഉൾപ്പെടെ ഫത്താഹ് ഷെയർ ചെയ്യാൻ തുടങ്ങി. ഗൂഗിൾ ട്രാൻസലേഷൻ ആണെന്ന് കരുതിയെങ്കിൽ തെറ്റി. കൃത്യമായി കേരളത്തിൽനിന്ന് ഫത്താഹിന് പി. ആർ സഹായം ലഭിക്കുന്നു എന്ന് സംശയിക്കുന്ന വിധത്തിലാണ് ഇപ്പോഴത്തെ നീക്കങ്ങൾ. മലയാളം ചാനലുകളിൽ വരുന്ന പോസ്റ്ററുകൾ ഉൾപ്പെടെയാണ് ഇപ്പോൾ ഫത്താഹ് ഷെയർ ചെയ്യുന്നത്.
നിമിഷപ്രിയ സ്വതന്ത്രയാകരുത് എന്ന് ആഗ്രഹിക്കുന്ന കുറെ പേർ കേരളത്തിൽ ഉണ്ട് എന്ന് വ്യക്തമാകുന്നു. ഫത്താഹിന് മലയാളം എഴുതി കൊടുക്കുന്നവർക്ക് മലയാളം അറിയാത്തതു കൊണ്ടുള്ള അക്ഷര തെറ്റുകൾ അതുപോലെ അദ്ദേഹത്തിൻ്റെ പോസ്റ്റുകളിലും വരുന്നുണ്ട്. ഒരു പ്രൂഫ് റീഡറുടെ സഹായം കൂടി ഫത്താഹ് തേടിയാൽ നന്ന്.
സഹോദരന്‍ തലാലിനെ കുറ്റക്കാരനാക്കി നിമിഷപ്രിയയെ ഇരയാക്കി ചിത്രീകരിക്കുന്ന ഇന്ത്യന്‍ മാധ്യമങ്ങളെക്കുറിച്ച് വളരെ രൂക്ഷമായാണ് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ഫത്താഹ് സംസാരിച്ചത്. ഇന്ത്യന്‍ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകളില്‍ അദ്ദേഹം അസ്വസ്ഥനാണ്. നിമിഷ പ്രിയ കേസിൽ കൊല്ലപ്പെട്ട തലാൽ മഹ്ദിയുടെ കുടുംബം നിലപാട് കടുപ്പിച്ചത് തലാലിനെതിരായ മാധ്യമ വാർത്തകളെ തുടർന്നാണ്. ഒരു വർഷം മുമ്പ് മകൻ ഖലീൽ അബ്ദുൽ ഫത്താഹ് അപകടത്തിൽ കൊല്ലപ്പെട്ട കേസിൽ ദിയാധനം പോലും വാങ്ങാതെ പ്രതിക്ക് മാപ്പ് കൊടുത്ത വ്യക്തിയാണ് തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദിയെന്ന വിവരവും ജംഷാദ് ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
തലാലിന്റെ സഹോദരൻ മകൻ കൊല്ലപ്പെട്ട കേസിൽ മാപ്പുകൊടുത്ത വ്യക്തി, നിമിഷപ്രിയയെ ഇരയാക്കുന്ന വാർത്തകൾ അസ്വസ്ഥനാക്കി
നിമിഷപ്രിയ കേസിൽ കൊല്ലപ്പെട്ട തലാൽ മഹ്ദിയുടെ കുടുംബം നിലപാട് കടുപ്പിച്ചത് തലാലിനെ തിരായ മാധ്യമ വാർത്തകളെ തുടർന്നാണ്. ഒരു വർഷം മുമ്പ് മകൻ ഖലീൽ അബ്ദുൽ ഫത്താഹ് അപകടത്തിൽ കൊല്ലപ്പെട്ട കേസിൽ ദിയ ധനം പോലും വാങ്ങാതെ പ്രതിക്ക് മാപ്പ് കൊടുത്ത വ്യക്തിയാണ് തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി.
കഴിഞ്ഞ ദിവസം ബി.ബി.സി (അറബി) ക്ക് നൽകിയ അഭിമുഖത്തിലും തലാലിനെ കുറ്റക്കാരനാക്കി നിമിഷപ്രിയയെ ഇരയാക്കി ചിത്രീകരിക്കുന്ന ഇന്ത്യൻ മാധ്യമങ്ങളെക്കുറിച്ച് വളരെ രൂക്ഷമായാണ് അദ്ദേഹത്തിന്റെ സഹോദരൻ സംസാരിച്ചത്.
എന്നിരുന്നാലും നിമിഷ പ്രിയക്ക് അദ്ദേഹവും കുടുംബവും മാപ്പുനൽകാൻ സാധ്യത നിലനിൽക്കുന്നുണ്ട്. തൻ്റെ മകൻ കൊല്ലപ്പെട്ട കേസിൽ നിരുപാധികം മാപ്പ് കൊടുത്ത വ്യക്തികൂടിയാണ് തലാലിൻ്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി.
എന്നാൽ മലയാള മാധ്യമങ്ങളിൽ ചിലത് തലാലിനെ കുറ്റക്കാരനാക്കിയും നിമിഷപ്രിയയെ ഇരയാക്കിയും വാർത്തകൾ നൽകുന്നതിൽ അദ്ദേഹം അസ്വസ്ഥനാണ്. തലാൽ നിമിഷപ്രിയയുടെ പാസ്പോർട്ട് പിടിച്ചുവച്ചു എന്നുള്ള കാര്യവും അദ്ദേഹം കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു. ഇത്തരം വാർത്തകളാണ് വധശിക്ഷയിൽ ഉറച്ചുനിൽക്കാൻ കാരണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
നീതിനിർവഹണം നീണ്ടു പോയതിൻ്റെ പേരിൽ തലാലിൻ്റെ കുടുംബം ശക്തമായ പ്രതിഷേധത്തിലായിരുന്നു.
2024 ഡിസംബർ 23നു ഹൂതി രാഷ്ട്രീയ കൗൺസിൽ പ്രസി ഡന്റ് വധശിക്ഷ നടപ്പാക്കാനായി ഒപ്പുവച്ച മൂന്ന് കേസുകളിൽ ഒന്നാണ് നിമിഷപ്രിയയുടേത്. അതിൽ മറ്റു രണ്ടു കേസുകളിലെയും പ്രതികളുടെ വിധി നടപ്പാക്കിയപ്പോൾ ഇതുമാത്രം മാറ്റിവച്ചതിനെതിരേ തലാലിൻ്റെ സഹോദരൻ നീണ്ട കുറിപ്പ് തന്നെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ 16ന് ശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചു. എന്നാൽ അത് വീണ്ടും നീട്ടി.
ഒരു ഘട്ടത്തിൽ തലാലിന്റെ കുടുംബം ആവശ്യപ്പെട്ടത് നഷ്ടപരിഹാരമാണ്. തിങ്കളാഴ്ച പുലർച്ചെയുള്ള തലാലിന്റെ സഹോദരൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഇക്കാര്യം പറയുന്നുണ്ട്. തെറ്റായ വാർത്തകളാണ് അദ്ദേഹത്തെ വധശിക്ഷ എന്ന നിലപാടിലേക്ക് മാറ്റാൻ കാരണം. കേരളത്തിലെ വാർത്തകൾ അവർ നിരീക്ഷിക്കുന്നുണ്ട്.
പിന്നീടാണ് ഫത്താഹ് വധശിക്ഷ നൽകണമെന്നതിൽ ഉറച്ചുനിൽക്കുന്നതായി വ്യക്തമാ ക്കിയത്. ഈ നിലപാടുമാറ്റത്തിനു കാരണം മാധ്യമവാർത്തകൾ അദ്ദേഹത്തെ പ്രകോപിപ്പിച്ചു എന്നതു തന്നെയാണ്. പ്രകോപനം ഇല്ലാതായാൽ ദിയാധനം സ്വീകരിച്ച് നിമിഷപ്രിയ ക്ക് മാപ്പുനൽകാൻ അദ്ദേഹം തയാറായേക്കുമെന്ന സൂചനയും ഉണ്ട്. എന്നാൽ ദിയാധനമായി ലഭിക്കുന്ന തുക വർധിപ്പിക്കാനാണ് അദ്ദേഹം നിലപാട് കടുപ്പിക്കുന്നതെന്ന വിലയിരുത്തലുമുണ്ട്.
കൊലപ്പെട്ട തലാലിന്റെ കുടുംബത്തിലുള്ളവരോട് ചെന്ന് കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവരെക്കുറിച്ച് സാമുഹ്യപ്രവര്‍ത്തകനായ മനോഫര്‍ വള്ളക്കടവും ഫേസ്ബുക്കില്‍ പ്രതികരിച്ചിട്ടുണ്ട്. മനുഷ്യരുടെ വെറുപ്പും വിദ്വേഷവുമാണ് ഇത്തരത്തില്‍ അനീതി കാണിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നതെന്നാണ് മനോഫര്‍ എഴുതുന്നത്. കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് അറബിയിലൊരു കുറിപ്പും മനോഫര്‍ ഫത്താഹിന്റെ ഫേസ്ബുക്കില്‍ ചേര്‍ത്തിട്ടുണ്ട്. മാധ്യമങ്ങളെക്കുറിച്ചോ, നുണകളെക്കുറിച്ചോ, രാഷ്ട്രീയത്തെക്കുറിച്ചോ അല്ല. നീതിയിൽ നിന്ന് രക്ഷപ്പെടാനല്ല, മറിച്ച് അതിന്റെ ഭാരവുമായി ജീവിക്കാൻ അവസാന അവസരത്തിനായി അപേക്ഷിക്കുന്ന ഒരു അമ്മയുടെയും മകളുടെയും ആത്മാവിന്റെയും നിലവിളിയാണിത് എന്ന് ചൂണ്ടിക്കാട്ടിയാണ് മനോഫറിന്റെ കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എന്തൊരു മനുഷ്യന്മാരാണ് ഇവരൊക്കെ കൊല്ലപ്പെട്ട സഹോദരൻറെ കുടുംബത്തിലുള്ളവരോട് ചെന്ന് കുത്തിത്തിരുപ്പ് ഉണ്ടാക്കുകയാണ്.ഈ അനീതി കാണിക്കാൻ ഇവരെ പ്രേരിപ്പിക്കുന്ന ഘടകം ഒരു മനുഷ്യനോടുള്ള വെറുപ്പും വിദ്വേഷവും അല്ലാതെ മറ്റെന്താണ്.
അല്ലാഹു നല്ല ബുദ്ധി കൊടുക്കട്ടെ
വിദ്വേഷ കമന്റുകൾക്കിടയിൽ ഞാനും ഒരു അപേക്ഷ സമർപിച്ചു ആ സഹോദരൻ വായിക്കുകയാണെങ്കിൽ ഒരു വരി മനസ്സിൽ തട്ടുകയാണെങ്കിൽ അതിലൂടെ മാനസാന്തരം ഉണ്ടാവുകായാണെങ്കിൽ ഈ ജന്മം മറക്കാത്ത ഒരു അനുഭവമായിരിക്കും എന്റെ കമന്റും പരിഭാഷയും ചുവടെ
ദൈവത്തിന്റെ സമാധാനവും കരുണയും അനുഗ്രഹങ്ങളും നിങ്ങളുടെ മേൽ ഉണ്ടാകട്ടെ.
എന്റെ പ്രിയപ്പെട്ട സഹോദരന്റെ വേർപാടിലും കുടുംബത്തിന്റെ ദുഃഖത്തിലും എന്റെ ഹൃദയം പൂർണ്ണമായും ഐക്യപ്പെട്ടിരിക്കുന്നു. വാദിക്കാനല്ല, മറിച്ച് എല്ലാ ആദരവോടെയും അപേക്ഷിക്കാനാണ് ഞാൻ ഈ വാക്കുകൾ എഴുതുന്നത്.
ഒരു കുറ്റകൃത്യത്തിനും ന്യായീകരണമില്ല. ഞാൻ ഒരു മുസ്ലീമാണ്, തലാൽ എന്റെ പ്രിയപ്പെട്ട സഹോദരനാണ്. എന്റെ സഹോദരനോട് കരുണ കാണിക്കണമെന്നും, സ്വർഗത്തിൽ അദ്ദേഹത്തിന് വിശാലമായ ഒരു സ്ഥാനം നൽകണമെന്നും, രക്തസാക്ഷികളോടൊപ്പം അദ്ദേഹത്തെ ഉൾപ്പെടുത്തണമെന്നും ഞാൻ ദൈവത്തോട് അപേക്ഷിക്കുന്നു. നിമിഷ ചെയ്തത് പൊറുക്കാനാവാത്ത കുറ്റകൃത്യമാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. കോടതിയുടെ വിധിയെ ഞാൻ ബഹുമാനിക്കുന്നു. എന്റെ പ്രിയപ്പെട്ട സഹോദരൻ അബ്ദുൾ ഫത്താഹ് മഹ്ദിയോടും അദ്ദേഹത്തിന്റെ കുടുംബത്തോടും യെമനിലെ എല്ലാ മാന്യ ജനങ്ങളോടും ഞാൻ താഴ്മയോടെ അപേക്ഷിക്കുന്നു.
ഇസ്ലാമിൽ, കാരുണ്യത്തിന്റെ വാതിലുകൾ ഒരിക്കലും അടയ്ക്കപ്പെടുന്നില്ല. ഏറ്റവും മോശമായ പാപികൾ പോലും പശ്ചാത്തപിക്കാൻ അവസരം നൽകുന്നു. ഏറ്റവും വേദനാജനകമായ മുറിവുകൾ പോലും സുഖപ്പെടുത്തണം - മറന്നുകൊണ്ടല്ല, മറിച്ച് പ്രതികാരത്തിനുപകരം ക്ഷമ തിരഞ്ഞെടുത്തുകൊണ്ടാണ്.
ഇത് മാധ്യമങ്ങളെക്കുറിച്ചോ, നുണകളെക്കുറിച്ചോ, രാഷ്ട്രീയത്തെക്കുറിച്ചോ അല്ല. നീതിയിൽ നിന്ന് രക്ഷപ്പെടാനല്ല, മറിച്ച് അതിന്റെ ഭാരവുമായി ജീവിക്കാൻ ഒരു അവസാന അവസരത്തിനായി അപേക്ഷിക്കുന്ന ഒരു അമ്മയുടെയും മകളുടെയും ആത്മാവിന്റെയും നിലവിളിയാണിത്.
തലാലിന്റെ കുടുംബത്തിന്റെ വേദന ആഴമേറിയതാണെന്ന് നമുക്കറിയാം. ക്ഷമ ദൈവത്തിന്റേതാണ്, പ്രവാചകൻ ﷺ അവനെ ഏറ്റവും ശക്തനാണെന്ന് വിശേഷിപ്പിച്ചു.
നിങ്ങളുടെ സഹോദരന്റെ വിയോഗത്തിൽ ഇന്ത്യയിലെ എല്ലാ ജനങ്ങളും ദുഃഖിക്കുന്നു. ഈ രാജ്യത്തെ ജനങ്ങൾ അവരുടെ അഗാധമായ അനുശോചനം അറിയിക്കുന്നു. തലാലിന്റെ കുടുംബത്തിന് നിമിഷ പ്രിയയോട് ക്ഷമിക്കാൻ അവകാശമുണ്ട്. അതിനാൽ, ഞാൻ നിങ്ങളുടെ കരുണ ചോദിക്കുന്നു. മരിച്ചയാളോട് ദൈവം കരുണ കാണിക്കട്ടെ. ദൈവം തലാലിനെ കരുണ കാണിക്കട്ടെ, പറുദീസയിൽ അദ്ദേഹത്തിന് വിശാലമായ ഒരു സ്ഥലം നൽകട്ടെ.ആമീൻ .
ക്ഷമിക്കാനും, ഹൃദയങ്ങളെ മയപ്പെടുത്താനും, രണ്ട് കുടുംബങ്ങൾക്കും സമാധാനം നൽകാനും, ഈ ലോകത്ത് അവന്റെ ദിവ്യകാരുണ്യത്തിന്റെ ഒരു തുള്ളി പോലും പ്രതിഫലിപ്പിക്കാനും ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുന്നു. നിങ്ങൾക്കും നിങ്ങളുടെ കുടുംബങ്ങൾക്കും ദയയോടെ പ്രയോജനപ്പെടുന്ന രീതിയിൽ ചിന്തിക്കാനും പ്രവർത്തിക്കാനും നിങ്ങൾക്ക് കഴിയുമെങ്കിൽ, അത് ഇന്ത്യൻ ജനതയ്ക്കും ഇന്ത്യൻ മുസ്ലീം ഉമ്മത്തിനും ഒരു വലിയ ബഹുമതിയായിരിക്കും, കൂടാതെ അത് ദൈവത്തിന്റെ മതം ആവശ്യപ്പെടുന്ന കരുണയും അനുകമ്പയും പ്രചോദിപ്പിക്കുകയും ചെയ്യും. ദൈവം നിങ്ങളോടും, നിങ്ങളുടെ കുടുംബത്തോടും, മുഴുവൻ യെമൻ ജനതയോടും കരുണ കാണിക്കട്ടെ. ഒരു ഇന്ത്യൻ പൗരനും, ഒരു ഇന്ത്യൻ മുസ്ലീമും എന്ന നിലയിൽ, നിങ്ങളുടെ നഷ്ടത്തിലും വേദനയിലും ഞാൻ വളരെയധികം ദുഃഖിതനാണ്, ഞങ്ങൾ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ എല്ലാ നല്ല പ്രവൃത്തികൾക്കും അല്ലാഹു നിങ്ങൾക്ക് പ്രതിഫലം നൽകട്ടെ. പ്രതീക്ഷയോടെ.
ഡോ. മനോഫർ ഇബ്രാഹിം
സാമൂഹിക പ്രവർത്തകൻ, കേരളം, ഇന്ത്യ