വയനാട്: പുൽപ്പള്ളിയിൽ വിദ്യാർഥിക്ക് നേരെ ആസിഡ് ആക്രമണം. അയൽവാസി വിദ്യാർത്ഥിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചുവെന്നാണ് പരാതി. പുൽപ്പള്ളി മരകാവ് പ്രിയദര്‍ശനി ഉന്നതിയിലെ മണികണ്ഠന്റെ മകള്‍ മഹാലക്ഷ്മിയാണ് ആസിഡ് ആക്രമണത്തിനിരയായത്.
കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചു മണിക്കാണ് സംഭവം ഉണ്ടായത്. പെണ്‍കുട്ടി സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ സമയം അയല്‍വാസി വീട്ടിലെത്തി ആസിഡ് ഒഴിക്കുകയായിരുന്നു. സ്റ്റുഡന്റ് പൊലീസ് കേഡറ്റായ പെണ്‍കുട്ടിയോട് ഇയാള്‍ യൂണിഫോം ചോദിച്ചപ്പോൾ നല്‍കാത്തതിലുള്ള വിരോധമാണ് അക്രമത്തിനു കാരണം.
അക്രമണത്തിൽ പെൺകുട്ടിയുടെ കണ്ണിന് സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഗുരുതരമായി പൊള്ളലേറ്റ പതിനാലുകാരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിൽ അയല്‍വാസി വേട്ടറമ്മല്‍ രാജു ജോസിനെ പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്ക് മാനസിക പ്രശ്‌നമുള്ളതായി സംശയിക്കുന്നതായാണ് പൊലീസ് പറയുന്നത്.