കാണാതായ ജയ്നമ്മയും ബിന്ദുവും, പിടിയിലായ സെബാസ്റ്റ്യന്‍ Source: News Malayalam 24x7
KERALA

ചേർത്തലയിലെ തിരോധാനങ്ങൾ: മാസങ്ങൾക്ക് മുമ്പ് വീട്ടുപരിസരത്ത് പുക ഉയർന്നത് കണ്ടു, വീട്ടിൽ സ്ത്രീയെ താമസിപ്പിച്ചിരുന്നുവെന്നും സെബാസ്റ്റ്യൻ്റെ അയൽവാസി

സ്വകാര്യ കാര്യമായതിനാൽ ഇടപെട്ടില്ലെന്നും ഹരിദാസ് ന്യൂസ് മലയാളത്തോട് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: ജയ്നമ്മ കൊലക്കേസ് പ്രതി സെബാസ്റ്റ്യനെതിരെ വെളിപ്പെടുത്തലുമായി അയൽവാസി ഹരിദാസ്. മാസങ്ങൾക്ക് മുമ്പ് സെബാസ്റ്റ്യന്റെ വീട്ടുപരിസരത്ത് പുക ഉയർന്നിരുന്നതായി കണ്ടിരുന്നു. പരിസരത്ത് സെബാസ്റ്റ്യൻ മാത്രം നിൽക്കുന്നുണ്ടായിരുന്നുവെന്നും സെബാസ്റ്റ്യന്റെ അയൽവാസി ന്യൂസ് മലയാളത്തോട് പറഞ്ഞു. വീടിനകത്ത് സ്ത്രീയെ പാർപ്പിച്ചിരുന്നതായി ശ്രദ്ധയിൽപ്പെട്ടു. സ്ത്രീ വാതിലിൽമുട്ടി ബഹളമുണ്ടാക്കുന്നത് കേട്ടിരുന്നു. എന്നാൽ സ്വകാര്യ കാര്യമായതിനാൽ ഇടപെട്ടില്ലെന്നും ഹരിദാസ് ന്യൂസ് മലയാളത്തോട് പറഞ്ഞു.

അതേസമയം, സെബാസ്റ്റ്യനെ സംശയമുനയിൽ നിർത്തി ഒരു തിരോധാനക്കേസിൽ കൂടി പുനരന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചേർത്തല സ്വദേശിനി സിന്ധുവിൻ്റെ തിരോധാനത്തിലാണ് പുനരന്വേഷണം ആരംഭിച്ചത്. ബിന്ദു പത്മനാഭൻ, ഐഷ കേസുകൾക്കൊപ്പം അന്വേഷിക്കാനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം. 2020 ഒക്ടോബർ 19ന് ചേർത്തല തിരുവിഴയിൽ നിന്നാണ് സിന്ധുവിനെ കാണാതായത്. തിരുവിഴ ക്ഷേത്രത്തില്‍ വഴിപാട് കഴിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് വൈകുന്നേരം ആറോടെ വീട് വിട്ടിറങ്ങിയ സിന്ധുവിനെ പിന്നെ ആരും കണ്ടിട്ടില്ല. മകളുടെ വിവാഹത്തിന് രണ്ടുമാസം മുൻപായിരുന്നു തിരോധാനം. അർത്തുങ്കല്‍ പൊലീസ് കേസ് അന്വേഷിച്ചെങ്കിലും സിന്ധുവിനെ കണ്ടെത്താനായില്ല.

2024 ഡിസംബർ 28ന് കാണാതായ ഏറ്റുമാനൂർ സ്വദേശി ജയ്നമ്മയെ തിരഞ്ഞുള്ള അന്വേഷണമാണ് സെബാന്റ്റ്യനിലേക്ക് എത്തിയത്. ഏറ്റുമാനൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ജയ്നമ്മ ചേർത്തല പള്ളിപ്പുറം ഭാഗത്ത്‌ എത്തിയതായി കണ്ടെത്തിയിരുന്നു. പിന്നീട് അന്വേഷണം മുന്നോട്ടുപോയില്ല. തുടർന്ന് കേസ് ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്നും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. സെബാസ്റ്റ്യന്റെ വീട്ടിനകത്തെ ഹാളിൽ രക്തക്കറയും ജയ്നമ്മയുടെ ഫോണും ഇയാളില്‍ നിന്ന് കണ്ടെത്തി. എന്നാല്‍, അസ്ഥികൂടം കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമായി. അതാണ് മറ്റ് രണ്ട് തിരോധാന കേസുകളിലേക്കും വഴിതുറന്നത്

സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്ന് ലഭിച്ച മൃതദേഹാവശിഷ്ടം 2012ൽ കാണാതായ ചേർത്തല സ്വദേശി ഐഷയുടേതാണെന്നാണ് സൂചന. കത്തിച്ച നിലയിൽ കണ്ടെത്തിയ അസ്ഥികൾക്കൊപ്പം ലഭിച്ച കൃത്രിമ പല്ല് ഐഷയുടേതിന് സമാനമാണെന്ന കണ്ടെത്തലിലാണ് പൊലീസ് ഈ നിഗമനത്തില്‍ എത്തിയത്. വർഷങ്ങൾക്ക് മുൻപ് രജിസ്റ്റർ ചെയ്ത ബിന്ദു പത്മനാഭൻ തിരോധനക്കേസിലേയും ഒന്നാം പ്രതിയാണ് സെബാസ്റ്റ്യന്‍. ഇതോടെ സെബാസ്റ്റ്യന്‍ നാല് തിരോധാന കേസുകളില്‍ സംശയത്തിന്റെ നിഴലിലാണ്. ഇതില്‍ മൂന്ന് കേസുകളിലാണ് സെബാസ്റ്റ്യന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.

SCROLL FOR NEXT