കണ്ണൂർ: സെൻട്രൽ ജയിലിലേക്ക് മൊബൈലും ലഹരിയും എത്തിക്കുന്ന സംഘത്തെ നിയന്ത്രിക്കുന്നത് മുൻ തടവുകാരായ ഗുണ്ടകൾ ഉൾപ്പെടെയുള്ളവരുടെ സംഘം. ഇവരുടെ നേതൃത്വത്തിൽ ജയിലിന് പുറത്ത് വലിയ ശൃംഖല ആണുള്ളത്.
ജയിലിൽ എത്തുന്ന സന്ദർശകരെ ആണ് മൊബൈലും ലഹരി വസ്തുക്കളും എറിയേണ്ട സമയവും സ്ഥലവും നിശ്ചയിച്ച് അറിയിക്കുക. ഫോണിലൂടെയും ജയിലിൽ നിന്ന് പുറത്തേക്ക് ആശയവിനിമയം നടക്കും. ലഹരി മരുന്നുകളും, മദ്യവും ജയിലിനകത്ത് തടവുകാർക്ക് വിൽക്കുകയും ചെയ്യുന്നുണ്ട്. ഫോൺ എറിഞ്ഞുനൽകുന്നതിനിടെ പിടിയിലായ അക്ഷയ്‌യിൽ നിന്നാണ് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത് .
സെൻട്രൽ ജയിലിൽ മൊബൈൽ എത്തിക്കാൻ കൂലി ഉണ്ടെന്ന് അക്ഷയ് നേരത്തെ മൊഴി നല്‍കിയിരുന്നു. മൊബൈൽ എറിഞ്ഞ് നൽകിയാൽ 1000 മുതൽ 2000 വരെ കൂലി ലഭിക്കും. ജയിലിനകത്തെ അടയാളങ്ങൾ നേരത്തെ അറിയിക്കും. ആഴ്ചയിൽ ഒരു ദിവസം ഇതിനായി തെരഞ്ഞെടുക്കുമെന്നുമാണ് അക്ഷയ് പൊലീസിന് നല്‍കിയ മൊഴി.
കഴിഞ്ഞ ദിവസവും കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടിയിരുന്നു. ന്യൂ ബ്ലോക്കിൽ തടവിൽ കഴിയുന്ന യു.ടി. ദിനേഷിൽ നിന്നാണ് ഫോൺ പിടികൂടിയത്. സെല്ലിൽ ഒളിപ്പിച്ച സിം കാർഡ് അടങ്ങിയ ഫോണാണ് തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ പിടികൂടിയത്. സംഭവത്തില്‍ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് ശേഷം ജയിലിൽ നടക്കുന്ന കർശന പരിശോധനയിലാണ് തുടർച്ചയായി മൊബൈൽ ഫോണുകൾ കണ്ടെത്തുന്നത്. സെല്ലിന് പുറത്തും ബാത്ത്റൂമുകളിലുമടക്കം ഒളിപ്പിക്കുന്ന മൊബൈൽ ഫോണുകളുടെ ഉടമകളെ തിരിച്ചറിയുന്നത് വിരളമാണ്.