കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം മോഷണം പോയ സംഭവത്തിൽ ദേവസ്വം വിജിലൻസിന് നിർണായക മൊഴി. ചെന്നൈയിൽ സ്വർണം പൂശാനെത്തിച്ചത് പുതിയ ചെമ്പ് പാളിയെന്ന് സ്മാർട്ട് ക്രീയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി വിജിലൻസിന് മൊഴി നൽകി. ചെമ്പുപാളികൾ സ്വർണം പൊതിഞ്ഞവ ആയിരുന്നില്ലെന്നും കാലപ്പഴക്കം ഉണ്ടായിരുന്നില്ലെന്നും മൊഴിയിലുണ്ട്. ഇതോടെ സ്വർണം പൊതിഞ്ഞ പാളികൾ വിറ്റിരിക്കാമെന്ന നിഗമനത്തിലാണ് ദേവസ്വം വിജിലൻസ്
വിഷയത്തിൽ അന്വേഷണം പൂർത്തിയാക്കിയ ദേവസ്വം വിജിലൻസ് അന്തിമ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാവുന്ന തരത്തിലുള്ള കണ്ടെത്തലുകൾ അന്വേഷണ റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. സ്വർണകൊള്ളയിൽ ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് വിജിലൻസ് നിഗമനം.
സ്വർണം പൂശിയ പാളികളുടെ കാലപ്പഴക്കം കണ്ടെത്താൻ ശാസ്ത്രീയ പരിശോധനയും ദേവസ്വം വിജിലൻസ് ശിപാർശ ചെയ്തേക്കും. കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഇന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങും. ശബരിമലയിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ കണക്കെടുക്കാനായി ഹൈക്കോടതി നിയോഗിച്ച ജസ്റ്റിസ് കെ.ടി. ശങ്കരൻ നാളെ സന്നിധാനത്തെത്തും. ശബരിമലയുമായി ബന്ധപ്പെട്ട സ്വർണ ഉരുപ്പടികൾ അദ്ദേഹം പരിശോധിക്കും.