സാംസ്കാരിക സ്ഥാപനങ്ങൾക്ക് ഇനി പുതിയ നേതൃത്വം 
KERALA

സാംസ്കാരിക സ്ഥാപനങ്ങൾക്ക് ഇനി പുതിയ നേതൃത്വം; കൽപ്പറ്റ നാരായണൻ, ജി. വേണുഗോപാൽ, പ്രേംകുമാർ എന്നിവർ തലപ്പത്ത്

എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ എം. പി. സുരേന്ദ്രനാണ് അക്കാദമിയുടെ പുതിയ സെക്രട്ടറി.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുതിയ നേതൃത്വം. സാഹിത്യം, സിനിമ, നാടകം, സംഗീതം, ചിത്രകല തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരാണ് വിവിധ അക്കാദമികളുടെ തലപ്പത്ത് എത്തുന്നത്.

കേരള സാഹിത്യ അക്കാദമിയുടെ ചെയർമാനായി കവിയും എഴുത്തുകാരനും പ്രഭാഷകനുമായ കൽപ്പറ്റ നാരായണനെ സർക്കാർ നിശ്ചയിച്ചു. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ എം. പി. സുരേന്ദ്രനാണ് അക്കാദമിയുടെ പുതിയ സെക്രട്ടറി.

കേരള സംഗീത നാടക അക്കാദമിയുടെ ചെയർമാനായി ഗായകൻ ജി. വേണുഗോപാൽ ചുമതലയേൽക്കും. നാടക-സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഹേമന്ത്കുമാറാണ് വൈസ് ചെയർമാൻ. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ്റെ (KSFDC) ചെയർമാനായി പ്രശസ്ത നടൻ പ്രേംകുമാറും, വൈസ് ചെയർമാനായി സംവിധായകനും നിർമ്മാതാവുമായ ആലപ്പി അഷറഫും ചുമതലയേൽക്കും. പ്രേംകുമാർ നേരത്തെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായും വൈസ് ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൻ്റെ ചെയർമാനായി ചലച്ചിത്ര നിർമാതാവ് എം. രഞ്ജിത്തിനെ നിയമിച്ചു. കേരള ലളിതകലാ അക്കാദമിയുടെ ചെയർമാനായി രാജ്യാന്തര തലത്തിൽ ശ്രദ്ധേയനായ ആനിമേറ്ററും പ്രൊഡക്ഷൻ ഡിസൈനറുമായ പ്രൊഫ. പ്രകാശ് മൂർത്തി ചുമതലയേൽക്കും. ചിത്രകലാരംഗത്ത് ശ്രദ്ധേയനായ ടി. ആർ. ഉദയകുമാർ വൈസ് ചെയർമാനാകും. വൈക്കം എം. കെ. ഷിബുവാണ് അക്കാദമിയുടെ സെക്രട്ടറി.

കേരള ഫോക്‌ലോർ അക്കാദമിയുടെ ചെയർമാനായി നാടോടി കലാ-സാംസ്കാരിക രംഗത്തെ പ്രമുഖനും ഗാന്ധി ദർശൻ വേദിയുടെ സംസ്ഥാന വൈസ് ചെയർമാനുമായ സുരേഷ് ബാബു എളയാവൂർ സ്ഥാനമേൽക്കും. സാംസ്കാരിക പ്രവർത്തകൻ ശ്രീരാമൻ കൊയ്യോനാണ് വൈസ് ചെയർമാൻ.

SCROLL FOR NEXT