ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദ ടെണ്ടർ റദ്ദാക്കി എൻടിബിആർ സൊസൈറ്റി. ജനപ്രതിനിധികൾ അടക്കമുള്ളവരിൽ നിന്ന് പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് ജലമേളയുടെ നടത്തിപ്പ് കരാർ ഓസ്കാർ ഇവൻ്റ്സിന് നൽകാനുള്ള തീരുമാനത്തിൽ നിന്ന് സംഘാടകർ പിന്നോട്ട് പോയത്. കൂടാതെ പുതിയ ടെണ്ടറും വിളിച്ചു.
പുതിയ ടെണ്ടർ 31ന് ഉച്ചയ്ക്ക് രണ്ട് വരെ സമർപ്പിക്കാം. അടുത്തമാസം 22 നാണ് നെഹ്റു ട്രോഫി ജലമേള. കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് എംഎൽഎ വീണുപരിക്കേറ്റ സംഭവത്തിൽ ആരോപണ വിധേയരായ ഇവൻ്റ് മാനേജ്മെൻ്റ് കമ്പനിയെ നെഹ്റു ട്രോഫി നടത്തിപ്പ് ഏൽപ്പിക്കാനുള്ള നീക്കമാണ് വിവാദത്തിൽ ആയത്.
സ്റ്റേജ് മാനേജ്മെൻ്റ് അടക്കമുള്ള കാര്യങ്ങൾ ഈവൻ്റ് മാനേജ്മെൻ്റ് കമ്പനിയെ ഏൽപ്പിക്കാനായിരുന്നു വെള്ളിയാഴ്ച ചേർന്ന എൻടിബിആർ സൊസൈറ്റി യോഗം തീരുമാനിച്ചത്. എന്നാൽ യോഗത്തിൽ പങ്കെടുത്ത കോൺഗ്രസ് ജനപ്രതിനിധികൾ അടക്കമുള്ളവർ ഇതിനെതിരെ എതിർപ്പ് രേഖപ്പെടുത്തി.
വിവാദത്തിൽപ്പെട്ട കമ്പനിയെ നെഹ്റു ട്രോഫി ട്രോഫി വള്ളംകളിയുടെ നടത്തിപ്പ് ഏൽപ്പിക്കുന്നതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതോടെയാണ് എൻടിബിആർ സൊസൈറ്റി ഓസ്കാർ കമ്പനിയെ ഒഴിവാക്കിയത്.