കൊച്ചി:ഫോർട്ട് കൊച്ചിയിലെ ന്യൂ ഇയർ ആഘോഷത്തിന് കനത്ത സുരക്ഷ ഏർപ്പെടുത്തുമെന്നും എന്നാൽ അമിത നിയന്ത്രണം ഉണ്ടാവില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ. ബോംബ് സ്ക്വാഡ് അടക്കമുള്ള പരിശോധനകൾ നാളെ മുതൽ ആരംഭിക്കും. കഴിഞ്ഞതവണയെക്കാൾ കൂടുതൽ ആളുകളെ ഫോർട്ട് കൊച്ചിയിൽ പ്രതീക്ഷിക്കുന്നതായും വെളിച്ചവും മെഡിക്കൽ സൗകര്യങ്ങളും ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫോർട്ട് കൊച്ചിയിൽ രണ്ട് സ്ഥലങ്ങളിലായിട്ടാണ് ഇത്തവണ പാപ്പാഞ്ഞിയെ കത്തിക്കുക. എറണാകുളം നഗരത്തിൽ മറ്റു സ്ഥലങ്ങളിലും സമാനമായ നിലയിൽ പാപ്പാഞ്ഞി കത്തിക്കൽ ഉണ്ട്. തൃപ്പൂണിത്തുറ, തൃക്കാക്കര, കാക്കനാട്, പള്ളുരുത്തി, പുതുവൈപ്പ് ബീച്ച് എന്നിവിടങ്ങളിലും സമാനമായ നിലയിൽ ന്യൂ ഇയർ ആഘോഷം നടക്കും. ഇവിടെയെല്ലാം അതാത് ഡിവിഷനുകളുടെ നേതൃത്വത്തിൽ പൊലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും കമ്മീഷണർ അറിയിച്ചു. ലഹരിയുമായി ബന്ധപ്പെട്ട പരിശോധനകളും കർശനമാക്കും.