മർദനമേറ്റ റിപ്പോർട്ടർ അനിൽ ജോർജും ക്യാമറാമാൻ ശ്രേയസും Source: News Malayalam 24x7 (സ്ക്രീൻഗ്രാബ്)
KERALA

ന്യൂസ് മലയാളം വാർത്താസംഘത്തെ സിനഡ് അനുകൂലികൾ മർദിച്ച സംഭവം: സർക്കാർ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് KUWJ എറണാകുളം ജില്ലാ കമ്മിറ്റി

റിപ്പോർട്ടർ അനിൽ ജോർജിനെയും ക്യാമറാമാൻ ശ്രേയസിനേയും ജീവനക്കാരൻ നസീറിനെയും മർദിക്കുകയും തൊഴിൽ തടസപ്പെടുത്തുകയും ചെയ്തതിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് കേരള പത്രപ്രവർത്തന യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിറക്കി.

Author : ന്യൂസ് ഡെസ്ക്

എറണാകുളം അങ്കമാലി അതിരൂപതയിലെ സഭാ തർക്കവുമായി ബന്ധപ്പെട്ട വാർത്താ റിപ്പോർട്ടിങ്ങിനിടെ ന്യൂസ് മലയാളം വാർത്താ സംഘത്തെ സിനഡ് അനുകൂലികൾ മർദിച്ച സംഭവത്തിൽ പ്രതിഷേധമറിയിച്ച് KUWJ എറണാകുളം ജില്ലാ കമ്മിറ്റി. ശക്തമായ നിയമനടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.

റിപ്പോർട്ടർ അനിൽ ജോർജിനെയും ക്യാമറാമാൻ ശ്രേയസിനേയും ജീവനക്കാരൻ നസീറിനെയും മർദിക്കുകയും തൊഴിൽ തടസപ്പെടുത്തുകയും ചെയ്തതിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് കേരള പത്രപ്രവർത്തന യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിറക്കി.

"സഭാ ആസ്ഥാനമായ എറണാകുളം സെൻ്റ് മേരീസ് ബസിലിക്കയിൽ വെച്ചാണ് സംഭവം. സംഘടിതമായി ചേർന്ന് മാധ്യമ പ്രവർത്തകരുടെ തൊഴിൽ ഉപകരണമായ ക്യാമറ പിടിച്ചുവാങ്ങി നശിപ്പിക്കുകയും ചെയ്തു. ഏതൊരു തൊഴിൽ മേഖലയും പോലെ അന്തസ്സോടെയും സുരക്ഷിതത്വത്തോടെയും ജോലി ചെയ്യാനുള്ള അവകാശം മാധ്യമ പ്രവർത്തകർക്കുണ്ട്," ജില്ലാ പ്രസിഡൻ്റ് ആർ. ഗോപകുമാർ പറഞ്ഞു.

"വാർത്താ റിപ്പോർട്ടിങ്ങിൻ്റെ പേരിൽ മാധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റം നടത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിനും അറിയാനുള്ള അവകാശത്തിനും തടസം നിൽക്കലാണ്. മാധ്യമ പ്രവർത്തകരെ ശാരീരികമായി ഉപദ്രവിക്കുകയും തൊഴിൽ തടസ്സപ്പെടുത്തുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സർക്കാർ സ്വീകരിക്കേണ്ടതാണ്," ആർ. ഗോപകുമാർ പറഞ്ഞു. KUWJ എറണാകുളം ജില്ലാ സെക്രട്ടറി എം. ഷജിൽ കുമാറും സംഭവത്തെ വിമർശിച്ചു.

SCROLL FOR NEXT