കൊച്ചി: ന്യൂസ് മലയാളം പ്രഥമ ബിസിനസ് കോണ്‍ക്ലേവില്‍ വ്യവസായ രംഗത്ത് മിന്നുന്ന നേട്ടം കരസ്ഥമാക്കിയവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സമ്മാനിച്ച് മന്ത്രി പി. രാജീവ്. നാടിന്റെ വ്യാവസായിക ഭൂമികയില്‍ ഉജ്വല വിജയം കരസ്ഥമാക്കിയ ഇപ്പോഴും സജീവ സാന്നിധ്യങ്ങളായ തെരഞ്ഞെടുക്കപ്പെട്ട വ്യവസായികള്‍ക്കുള്ള ആദരവും വിവിധ അവാര്‍ഡുകളുമാണ് നല്‍കിയത്.
എസ്എല്‍കെ ഫുഡ് പ്രോസസിങ് എന്ന വ്യാവസായിക സംരംഭത്തിന്റെ മാനേജിങ് ഡയറക്ടര്‍ എം. ഖാലിദ് ന്യൂസ് മലയാളം ലൈഫ് ടൈം അച്ചിവ്‌മെന്റ് അവാര്‍ഡ് ഏറ്റുവാങ്ങി. ബഫ് ക്ലീനിങ് പ്രൊഡകട്‌സ് മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് ഷഹസൂര്‍ സി.കെ. ന്യൂസ് മലയാളം യങ് എന്റര്‍പ്രണര്‍ അവാര്‍ഡും, ഹാര്‍വെസ്റ്റ് എഡ്യൂക്കേഷന്‍ ഫൗണ്ടര്‍ അന്‍സാര്‍ കെ.ടി. ഫാസ്റ്റ് ഗ്രോവിങ് എഡ്യൂക്കേഷന്‍ സ്റ്റാര്‍ട്ടപ്പ് അവാര്‍ഡും നേടി. ന്യൂസ് മലയാളം ടെക്‌സ്‌ടൈല്‍ എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് ഫാമിലി വെഡിങ് ഗ്രൂപ്പ് അര്‍ഹരായി. ന്യൂസ് മലയാളം ട്രസ്റ്റഡ് ഹൈജീനിക് സ്‌പൈസസ് അവാര്‍ഡിന് റാഡിക്കോ കേരള ലിമിറ്റഡും ന്യൂസ് മലയാളം മോസ്റ്റ് ട്രസ്റ്റഡ് ഓവര്‍സീസ് എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടണ്‍സ് അവാര്‍ഡ് ഗ്ലോബല്‍ എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടണ്‍സ് മാനേജിംഗ് ഡയറക്ടര്‍ ആയ മനോജ് പിയും ഏറ്റുവാങ്ങി.
ന്യൂസ് മലയാളം ബിസിനസ് കോണ്‍ക്ലേവില്‍ മന്ത്രി രാജീവ് കേരളത്തിന്റെ വികസന നേട്ടങ്ങളെക്കുറിച്ച് സംസാരിച്ചു. ലോകത്തിലെ പല ഭീമന്‍ കമ്പനികള്‍ക്കും കേരളത്തില്‍ നിന്നുള്ള സേവനങ്ങള്‍ ലഭിക്കുന്നുണ്ട്. കേരളത്തിലേക്ക് തൊഴിലിടം മാറ്റുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ ന്യൂസ് മലയാളത്തെ മന്ത്രി പി രാജീവ് അഭിനന്ദിക്കുകയും ചെയ്തു.
കേരളത്തിന്റെ വികസനങ്ങള്‍ പുറം ലോകത്ത് എത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് വിമുഖതയുണ്ട്. വസ്തുതകള്‍ പുറം ലോകത്ത് എത്തുന്നില്ല. നെഗറ്റീവ് വാര്‍ത്തകളാണ് പെട്ടെന്ന് എത്തുന്നത്. എന്നാല്‍ പോസിറ്റീവ് മാധ്യമപ്രവര്‍ത്തനമാണ് വേണ്ടത്. അതിലേക്ക് ന്യൂസ് മലയാളം എത്തിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.