KERALA

അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രത്തിൽ കോടികളുടെ അഴിമതി, രണ്ടു വർഷത്തിനിടെ ജീവനക്കാർ നടത്തിയത് ഒന്നരക്കോടിയുടെ തിരിമറി

ഓഡിറ്റിങ് റിപ്പോർട്ടുകൾ ന്യൂസ് മലയാളത്തിന് ലഭിച്ചു

Author : ന്യൂസ് ഡെസ്ക്

വയനാട്: അമ്പലവയലിലെ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ജീവനക്കാർ നടത്തിയ കോടികളുടെ അഴിമതി പുറത്ത്. വൻ ക്രമക്കേടുകളാണ് ഓഡിറ്റിങ്ങിൽ കണ്ടെത്തിയത്. രണ്ടു വർഷത്തിനിടെ ഒന്നരക്കോടിയുടെ ഇടപാടുകളാണ് ജീവനക്കാർ നടത്തിയത്. ഓഡിറ്റിങ് റിപ്പോർട്ടുകൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.

2022-23 സാമ്പത്തിക വർഷത്തിൽ കൃഷി വിജ്ഞാന കേന്ദ്രത്തിൽ 55 ലക്ഷത്തി 71,831 രൂപയും 2023 -24 ൽ 59 ലക്ഷത്തി 14,437 രൂപയുടെ അഴിമതിയുമാണ് ഓഡിറ്റിങ്ങിൽ കണ്ടെത്തിയത്. രണ്ടു വർഷത്തിനിടെ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ജീവനക്കാർ നടത്തിയ കോടികളുടെ ഇടപാടുകൾ ഓഡിറ്റിങ്ങിൽ പുറത്തുവന്നത്.

ജീവനക്കാരുടെ പേരിൽ ലക്ഷകണക്കിന് രൂപയാണ് ഒരു വർഷത്തിനിടെ മാറിയെടുത്തത്. 2494 രൂപയുടെ ചെക്കിൽ 9 ജീവനക്കാർ എഴുതിചേർത്ത് തട്ടിയെടുത്തത് 92, 494 രൂപയാണ്. ഓഫീസിലേക്ക് വാങ്ങിയ 180 രൂപ ബാഗിന്റെ ബില്ലിൽ ജീവനക്കാർ 31 എഴുതി ചേർത്ത് 31,180 രൂപയുടെ ബില്ലാണ് മാറ്റി എടുത്തത്. ക്രമക്കേടുകൾ കണ്ടെത്തിയിട്ടും കൃഷി മന്ത്രിയും വകുപ്പ് അധികാരികളും നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ആരോപണം.

അഴിമതികൾ കണ്ടെത്തിയതോടെ ഓഫീസിലെ സ്റ്റോക്ക് രജിസ്റ്റർ രണ്ട് വർഷമായി കാണാനില്ല. അത് കണ്ടെടുക്കാൻ വേണ്ട നടപടികളോ പോലീസിൽ പരാതിയോ വകുപ്പ് അധികാരികൾ നൽകിയിട്ടില്ല. അഴിമതി നടത്തിയ ജീവനക്കാർ ഇപ്പോഴും വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നു. കർഷകർക്ക് ഉപകാരപ്രദമാകേണ്ട കൃഷി വിജ്ഞാന കേന്ദ്രത്തിൽ കോടികളുടെ അഴിമതി നടന്നിട്ടും സർക്കാർ കണ്ണടയ്ക്കുന്നുവെന്ന ആക്ഷേപമാണ് ഉയരുന്നത്.

SCROLL FOR NEXT