Source: News Malayalam 24X7
KERALA

തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട പരിപാടി; ചീഫ് ഇലക്ടറൽ ഓഫീസിൽ നിന്ന് നോട്ടീസ്; മറുപടി നൽകി ന്യൂസ് മലയാളം

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തെക്കുറിച്ച് ഉള്ള സംശയങ്ങളും ആശങ്കകളും ന്യൂസ് മലയാളം 24x7 ‘സ്പോട്ട് ലൈറ്റ്’ എന്ന പരിപാടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നു.

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് അടിയന്തര സ്വഭാവത്തോടെ നടപ്പാക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തെക്കുറിച്ച് ഉള്ള സംശയങ്ങളും ആശങ്കകളും ന്യൂസ് മലയാളം 24x7 ‘സ്പോട്ട് ലൈറ്റ്’ എന്ന പരിപാടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നു. സംസ്ഥാനത്തെ ഭരണകൂടവും രാഷ്ട്രീയനേതൃത്വങ്ങളും പൊതുസമൂഹവും ഉയർത്തിയ ചോദ്യങ്ങൾ തന്നെയാണ് സ്പോട്ട് ലൈറ്റും ചോദിച്ചത്.

എന്നാൽ എന്നാൽ ആ പരിപാടിയിൽ ഉന്നയിച്ച സംശയങ്ങളും ആശങ്കകളും വസ്തുതാ വിരുദ്ധമാണെന്നും ജനങ്ങളിൽ തെറ്റിദ്ധാരണ പടർത്തുന്നത് ആണെന്നും ആരോപിച്ച് ചീഫ് ഇലക്ടറിൽ ഓഫീസറുടെ ഓഫീസിൽ നിന്ന് ന്യൂസ് മലയാളത്തിന് ഒരു കത്ത് ഇ മെയിൽ ആയി കിട്ടി. ആ കത്ത് ചീഫ് ഇലക്ടറൽ ഓഫീസറുടെ ഫേസ്ബുക്ക് പേജിൽ പ്രദർശിപ്പിക്കുകയും ചെയ്തു. അത് അസ്വാഭാവികമായ ഒരു നടപടിയാണ്. അതേക്കുറിച്ച് ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസ് അറിയിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമുള്ള നടപടി എന്നാണ്.

ഇമെയിൽ ആയും ഫേസ്ബുക്കിലൂടെയും കിട്ടിയ കത്തിന് ന്യൂസ് മലയാളം 24x7 കൊടുത്ത മറുപടി ഇവിടെ പങ്കുവെക്കുന്നു.

" To

ചീഫ് ഇലക്ടറൽ ഓഫിസർ, കേരളം

വിഷയം: സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫിസിൽ നിന്ന് ന്യൂസ് മലയാളത്തിന് ലഭിച്ച നോട്ടീസ്; ന്യൂസ് മലയാളത്തിന്‍റെ സ്പോട് ലൈറ്റ് എന്ന പരിപാടി സംബന്ധിച്ച്.

സർ,

രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഏറ്റവും സജീവമായി പ്രവർത്തിക്കുന്നത് മാധ്യമങ്ങളാണ്. ആ വലിയ മാധ്യമ ദൗത്യത്തിന്‍റെ ഭാഗമാണ് ന്യൂസ് മലയാളവും. അതോടൊപ്പം തന്നെ പൊതുജനങ്ങളുടെ ആശങ്കകൾ ചൂണ്ടിക്കാണിക്കേണ്ടതും മാധ്യമങ്ങളുടെ കർത്തവ്യമാണ്. ആ കർത്തവ്യം ഇക്കാലം മുഴുവൻ നിർവഹിച്ചാണ് പോന്നിട്ടുള്ളത് എന്ന കാര്യത്തിൽ ഞങ്ങൾക്ക് അഭിമാനവുമുണ്ട്. ഏതെങ്കിലും വോട്ടർമാരെ പിന്തിപ്പിക്കുകയോ തെരഞ്ഞെടുപ്പ് കമ്മിഷനെ മോശക്കാരാക്കുകയോ ഞങ്ങളുടെ ലക്ഷ്യമല്ല.

ഞങ്ങൾ കാഴ്ചക്കാരിലേക്കെത്തിച്ച സ്പോട് ലൈറ്റ് എന്ന പരിപാടിയിൽ ഇപ്പോൾ നടപ്പാക്കുന്ന സ്പെഷൽ ഇൻറൻസീവ് റിവിഷൻ വിഷയമാക്കിയിരുന്നു. കേരളത്തിലെ വോട്ടർമാരുടെ ആശങ്കകളാണ് അതിലൂടെ ഞങ്ങൾ പങ്കുവയ്ക്കാൻ ശ്രമിച്ചത്.

കേരളത്തിലെ ഒരു വിഭാഗം വോട്ടർമാർ സംസ്ഥാനത്തിനു പുറത്തും രാജ്യത്തിനു പുറത്തുമാണ്. 2002ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി പുതുക്കുമ്പോൾ അവരിൽ നല്ലൊരു പങ്കും പട്ടികയ്ക്കു പുറത്തായിരിക്കും എന്ന ആശങ്കയാണ് ഞങ്ങൾ പങ്കുവച്ചത്. പേരു ചേർക്കാൻ വേണ്ടി അവർ ചെയ്യേണ്ടിവരുന്ന ബുദ്ധിമുട്ടുകളാണ് ‘നെട്ടോട്ടമോടേണ്ടി വരും’ എന്ന പ്രയോഗത്തിലൂടെ ഞങ്ങൾ പങ്കുവച്ചത്.

വോട്ടർ പട്ടികയിൽ പേരില്ലെങ്കിൽ ഹിയറിങ്ങിന് ഹാജരാകാം എന്നാണ് ഞങ്ങൾക്ക് ലഭിച്ച നോട്ടീസിൽ പറയുന്നത്. നാട്ടിൽ ഇല്ലാത്തവർ എങ്ങനെ ഹിയറിങ്ങിന് ഹാജരാകും എന്ന ചോദ്യം തന്നെയാണ് ഞങ്ങൾ ഉയർത്തിയത്. കർണാടകയിൽ ഹിയറിങ് പോലും ഇല്ലാതെ വെട്ടിനീക്കിയവരുടെ പട്ടിക പുറത്തുവന്നത് രാജ്യത്ത് എല്ലാവരുടേയും ശ്രദ്ധയിൽപ്പെട്ടതാണ്.

2002ലെ വോട്ടർപട്ടികയ്ക്കു ശേഷം 40 ലക്ഷം പേരെങ്കിലും മരിച്ചു എന്ന കണക്ക് എവിടുന്ന് കിട്ടി എന്ന് ഞങ്ങൾക്ക് കിട്ടിയ കത്തിൽ ചോദിച്ചിട്ടുണ്ട്.ഓരോ ആയിരം പേരിലും 6.3 ആളുകൾ വച്ച് കേരളത്തിൽ ഒരു വർഷം മരിക്കുന്നുണ്ട്. ഇത്തരം മരണങ്ങൾ പോലും കണക്കാക്കാതെ ഇരുപതു വർഷം മുൻപുള്ള പട്ടിക സ്വീകരിച്ചതിലെ വിമർശനമാണ് ഞങ്ങൾ ഉന്നയിച്ചത്.

2002നു ശേഷം വോട്ടർപട്ടികയിൽ ഇടംപിടിച്ച ആളുകൾ ആ പട്ടികയിൽ ഉണ്ടാകില്ല, അത് ഓരോ ബൂത്തിലും 230 മുതൽ ഉണ്ടാകും എന്നാണ് ന്യൂസ് മലയാളം പറഞ്ഞത്. ഇത്രയും തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്ത അവർ വീണ്ടും പട്ടികയിൽ വരാൻ ഫോം പൂരിപ്പിക്കേണ്ടതിനെക്കുറിച്ചാണ് ‘സ്പോട്ട് ലൈറ്റ്’ സൂചിപ്പിച്ചത്.

രാഷ്ട്രീയ പാർട്ടിക്കാർ മുൻകയ്യെടുത്തു ചേർക്കുന്ന വോട്ടുകളും വെട്ടി നീക്കുന്ന വോട്ടുകളുമാണെന്നത് പകൽപോലെ സത്യമാണ്. കർണാടകയിലെ മാത്രമല്ല തൃശൂർ ലോക് സഭയിലും അങ്ങനെ സംഭവിച്ചതിന്‍റെ തെളിവുകൾ സമീപകാലത്ത് പുറത്തുവന്നു. സാങ്കേതികമായി ബിഎൽഒമാരാണ് ചെയ്യേണ്ടത് എങ്കിലും അതങ്ങനെയല്ല നടക്കുന്നത് എന്നത് സമൂഹത്തിൽ സജീവമായി ഇടപെടുന്ന ഏതൊരാൾക്കും അറിയുന്ന കാര്യമാണ്.

ബിഎൽഒമാർക്ക് ആവശ്യമായ സമയം ലഭിക്കും എന്നത് വാദത്തിന് അംഗീകരിക്കാം. ബിഎൽഒമാർ എത്തുന്ന സമയത്ത് ജനം തൊഴിലിന് പോയിരിക്കുകയാണെന്നും ഞായറാഴ്ചയും അവധി ദിവസങ്ങളിലും എത്തിയാലല്ലാതെ വീടുകളിൽ ആളുണ്ടാകില്ലെന്നുള്ള ആശങ്ക കൂടിയാണ് സ്പോട്ട് ലൈറ്റ് പറഞ്ഞത് . മൂന്നുതവണ സന്ദർശിക്കുന്നതുകൊണ്ട് ബിഎൽഒ മാർക്ക് വോട്ടർമാരെ കണ്ടെത്താൻ കഴിയുമോ എന്ന ആശങ്കയ്ക്ക് അടിസ്ഥാനമുണ്ട്.

രണ്ടു തെരഞ്ഞെടുപ്പുകൾ അടുത്തടുത്ത് നടക്കുന്ന സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണം കൂടി വരുമ്പോൾ അത് ഭരണ സ്തംഭനം ഉണ്ടാക്കും എന്നു പറഞ്ഞത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമാണ്. ബിജെപി ഒഴികെയുള്ള മുഴുവൻ പാർട്ടികളും ഇതിനെതിരേ രംഗത്തു വന്നിട്ടുണ്ട്.ഈ വിഷയം ചർച്ച ചെയ്യുന്നതിനായി

മുഖ്യമന്ത്രി സർവകക്ഷി യോഗവും വിളിച്ചിട്ടുണ്ട്. ആ ആശങ്കകൾ പങ്കുവയ്ക്കുകയാണ് ഞങ്ങൾ ചെയ്തത്.

തെരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടർ പട്ടിക പുതുക്കുമ്പോഴും, തെരഞ്ഞെടുപ്പുകൾ നടത്തുമ്പോഴും ഏറ്റവും സഹായം ചെയ്യേണ്ടത് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരുടേയും കടമയാണ്.

തീവ്ര വോട്ടർ പട്ടികപരിഷ്കരണത്തിൽ പങ്കെടുക്കേണ്ടത് എങ്ങനെയെന്നും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം എന്നുമുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശങ്ങൾ ജനാധിപത്യ ബോധ്യത്തോടെ ജനങ്ങളെ ന്യൂസ് മലയാളം അറിയിച്ചിട്ടുണ്ട്.

അതോടൊപ്പം വിയോജിപ്പുകൾ പറയാനുള്ള അവസരവും ജനാധിപത്യം നൽകുന്നുണ്ട് എന്നും ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.

വിശ്വസ്തതയോടെ.

ടി എം ഹർഷൻ

ന്യൂസ് ഡയറക്ടർ

ന്യൂസ് മലയാളം 24×7"

SCROLL FOR NEXT