KERALA

ന്യൂസ് മലയാളം ക്യാമറാമാൻ ജ്യോതിഷ് ജെ.ബി. വാഹനാപകടത്തിൽ മരിച്ചു

നേമം പള്ളിച്ചല്‍ ചുമട്ടിറക്കവിള സച്ചു നിവാസിൽ ജോയിയുടെ മകൻ ആണ്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ന്യൂസ് മലയാളം തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ ജ്യോതിഷ് ജെ.ബി. അന്തരിച്ചു. 27 വയസായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങവേ തിരുവനന്തപുരം പാളയത്ത് ഉണ്ടായ അപകടത്തിലാണ് മരണം. നേമം ഇടക്കാട് സ്വദേശി ജോയിയുടേയും ബിന്ദുവിൻ്റേയും മകനാണ് ജ്യോതിഷ്.

2022ൽ റിപ്പോർട്ടർ ചാനലിലാണ് ജ്യോതിഷ് കരിയർ തുടങ്ങിയത്. റിപ്പോർട്ടറിൻ്റെ തിരുവനന്തപുരം കൊല്ലം, കോട്ടയം, തൃശൂർ ബ്യൂറോകളിൽ ജോലി ചെയ്തു. ന്യൂസ് മലയാളം ചാനലിൻ്റെ തുടക്കം മുതലേ ജ്യോതിഷ് തിരുവനന്തപുരം ബ്യൂറോ വാർത്താസംഘത്തിനൊപ്പം ഉണ്ടായിരുന്നു. നിറങ്ങളും ആഘോഷങ്ങളും ബഹളങ്ങളുമെല്ലാം പകർത്താനായിരുന്നു ജ്യോതിഷിന് ഏറെ താത്പര്യം. സ്കൂൾ കലോത്സവം, അന്താരാഷ്ട്ര ചലച്ചിത്രോത്സവം, ചേലക്കര ഉപതെരഞ്ഞെടുപ്പ് തുടങ്ങി നിരവധി ഇവൻ്റുകളിൽ ന്യൂസ് മലയാളത്തിന് വേണ്ടി ജ്യോതിഷ് ദൃശ്യകഥകൾക്ക് ക്യാമറ ചലിപ്പിച്ചു.

'മനസു തകർന്നവർ, മക്കളെ കൊന്നവർ' എന്ന ഏറെ പുരസ്കാരങ്ങൾ നേടിയ ന്യൂസ് മലയാളത്തിൻ്റെ വാർത്താപരമ്പരയുടെ നല്ലൊരു ഭാഗവും ചിത്രീകരിച്ചത് ജ്യോതിഷായിരുന്നു. ദേവാലയങ്ങളെപ്പറ്റിയുള്ള ന്യൂസ് മലയാളം സീരീസായ 'ദൈവമേ കൈതൊഴാ'മിന് വേണ്ടി തിരുവനന്തപുരം എൽഎംഎസ് പള്ളിയുടെ രാത്രിദൃശ്യങ്ങളാണ് ഇന്നലെ രാത്രി ജ്യോതിഷ് അവസാനമായി ക്യാമറയിലാക്കിയത്. ശേഷം വീട്ടിലേക്ക് മടങ്ങുംവഴി പാളയത്ത് വച്ചായിരുന്നു അപകടം.

ന്യൂസ് മലയാളം തിരുവനന്തപുരം ബ്യൂറോയിലേയും തിരുവനന്തപുരം പ്രസ് ക്ലബിലേയും പൊതുദർശനത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും. നിറങ്ങളും ബഹളങ്ങളുമില്ലാത്ത ലോകത്തേക്ക് പൊടുന്നനെ മടങ്ങുന്ന പ്രിയ സഹപ്രവർത്തകന് വിട. ആദരാഞ്ജലികൾ ജ്യോതിഷ്.

SCROLL FOR NEXT