തിരുവനന്തപുരം: എൻജിഒ അസോസിയേഷൻ പിളർന്നു. എ.പി. സുനിലിനെ പുതിയ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. ഇതിന് എതിരെ മുൻ സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാറിന്റെ നേതൃത്വത്തിൽ പുതിയ സംഘടന രൂപീകരിക്കാനാണ് നീക്കം.
സമവായ ചർച്ചയിൽ സംസ്ഥാന കമ്മിറ്റിയിൽ പ്രാതിനിധ്യം ലഭിക്കാത്തതിനെ തുടർന്നാണ് പിളർപ്പിലേയ്ക്ക് നീങ്ങുന്നത്. കെപിസിസി നേതൃത്വവുമായി ചർച്ച നടത്തിയ ശേഷമാകും പുതിയ സംഘടനയുടെ രൂപീകരണം. 51-ാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
അതേസമയം സംസ്ഥാന സമ്മേളനത്തിൽ ചേരിതിരിഞ്ഞ് സംഘർഷം ഉണ്ടായി. നിലവിലെ ഭാരവാഹികൾക്ക് എതിരെ പ്രതിഷേധം അറിയിച്ച വനിതകൾ ഉൾപ്പെടെയുള്ളവരെ കയ്യേറ്റം നടത്തിയെന്ന് ആണ് പരാതി. തെറിവിളിയും കുപ്പിയേറും നടത്തി. കയ്യേറ്റം നടത്തിയവർക്കെതിരെ പൊലീസിന് പരാതി നൽകി.