കൂരിയാട് ഭാഗത്ത് തകർന്ന ദേശീയ പാത, കേരള ഹൈക്കോടതി Source: Social Media
KERALA

പ്രഥമദൃഷ്ട്യാ കരാറുകാരുടെ വീഴ്ച, ദേശീയ പാതയ്ക്ക് അടിസ്ഥാനമായി ഉപയോഗിച്ചത് ദൃഢതയില്ലാത്ത മണ്ണ്; എന്‍എച്ച്എഐ ഹൈക്കോടതിയില്‍

പുതിയ കരാറുകളില്‍ നിന്നും നിലവിലെ കരാറുകളില്‍ നിന്നും പ്രസ്തുത കമ്പനിയെ വിലക്കിയിട്ടുണ്ട്. പ്രൊജക്ട് കണ്‍സള്‍ട്ടന്റിനെയും വിലക്കിയതായി എന്‍എച്ച്എഐ അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

ദേശീയപാത തകര്‍ന്ന സംഭവത്തില്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ). മണ്ണിന്റെ കുഴപ്പമാണെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണം. ദൃഢതയില്ലാത്ത മണ്ണാണ് അടിസ്ഥാനമായി ഉപയോഗിച്ചത്. സമീപത്ത് വെള്ളം കെട്ടിനിന്നത് മണ്ണിന്റെ ദൃഢത ഇല്ലാതാക്കിയെന്നും എന്‍എച്ച്എഐ പറഞ്ഞു.

പ്രഥമദൃഷ്ട്യാ ഇത് കരാറുകാരുടെ വീഴ്ചയാണ്. പുതിയ കരാറുകളില്‍ നിന്നും നിലവിലെ കരാറുകളില്‍ നിന്നും പ്രസ്തുത കമ്പനിയെ വിലക്കിയിട്ടുണ്ട്. പ്രൊജക്ട് കണ്‍സള്‍ട്ടന്റിനെയും വിലക്കിയതായി എന്‍എച്ച്എഐ അറിയിച്ചു.

പ്രശ്നം പരിഹരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഐഐടി ഡല്‍ഹിയിലെ വിരമിച്ച പ്രൊഫസര്‍ക്ക് മേല്‍നോട്ട ചുമതല നല്‍കി. പ്രത്യേക മേല്‍നോട്ടത്തില്‍ രണ്ടംഗ വിദഗ്ധ സമിതി അന്വേഷിച്ചുവെന്നും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ചുവെന്നുംഎന്‍എച്ച്എഐ പറഞ്ഞു. പുനര്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പ്രത്യേകം മാര്‍ഗനിര്‍ദ്ദേശങ്ങളും സമിതി നല്‍കിയിട്ടുണ്ടെന്നും എന്‍എച്ച്എഐ ഹൈക്കോടതിയില്‍ അറിയിച്ചു.

അതേസമയം ദേശീയ 66 ഡിസംബറില്‍ തന്നെ തുറക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നല്‍കിയിരുന്നു. ദേശീയപാത സ്ഥലം ഏറ്റെടുക്കുന്നതിന് സംസ്ഥാനം ചെലവഴിച്ച തുക കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കുന്നതും പരിഗണിക്കുമെന്നും ഗഡ്ഗരി പറഞ്ഞിരുന്നു.

കൊച്ചിയിലെ റോഡുമായി ബന്ധപ്പെട്ട സുവോമോട്ടോ കേസ് പരിഗണിക്കുമ്പോഴാണ് കോടതി ദേശീയപാതയുമായി ബന്ധപ്പെട്ട വിഷയവും സ്വമേധയാ പരിഗണിച്ചത്. എങ്ങനെയാണ് പാത തകര്‍ന്നത്, ആരാണ് ഉത്തരവാദികള്‍, ഇതിന് എന്ത് പരിഹാരമാണ് ചെയ്യാനാവുക എന്നതടക്കമുള്ള ചോദ്യങ്ങള്‍ ഉന്നയിച്ച കോടതി എന്‍എച്ച്എഐയോട് മറുപടി പറയണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതിലാണ് ഇപ്പോള്‍ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ ഹൈക്കോടതിയില്‍ മറുപടി നല്‍കിയിരിക്കുന്നത്.

SCROLL FOR NEXT