നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് പരസ്യപ്രചരണത്തിന് ഇനി 10 നാൾ മാത്രമാണുള്ളത്. ഓരോ ദിവസവും വാശിയേറിയ പ്രചരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ ഇന്ന് ബക്രീദ് ദിനത്തിൽ എൻഡിഎ ഒഴികെയുള്ള മുന്നണികൾ പരസ്യപ്രചരണത്തിനിറങ്ങുന്നില്ല. കേന്ദ്രമന്ത്രി ജോർജ് കുര്യൻ എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന് വേണ്ടി മുഴുവൻ സമയവും മണ്ഡലത്തിൽ പ്രചരണത്തിനിറങ്ങും.
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് മിനർവപടി സലഫി മസ്ജിദിൽ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തു. ശേഷം മുക്കട്ട വലിയപള്ളി കബർസ്ഥാനിൽ എത്തി പിതാവ് ആര്യാടൻ മുഹമ്മദിൻറെ കബറിടത്തിൽ പ്രാർത്ഥിച്ചു. കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരോടൊപ്പമാണ് ആര്യാടൻ ഷൗക്കത്ത് പെരുന്നാൾ നമസ്കാരത്തിനായ് എത്തിയത്. പള്ളിയിൽ നമസ്കാരത്തിനെത്തിയ ആളുകളോട് വോട്ട് അഭ്യര്ഥിച്ചും പെരുന്നാൾ ആശംസകൾ പങ്കുവെച്ചുമാണ് സ്ഥാനാർഥി മടങ്ങിയത്.
സ്വതന്ത്ര സ്ഥാനാർഥി പി.വി.അൻവർ എടക്കര മസ്ജിദുസ്സലാമിൽ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തു. പള്ളിയിലെത്തിയ ആളുകളോട് സ്നേഹാന്വേഷണം നടത്തിയ അൻവർ സമീപത്തെ പള്ളികളിലും സന്ദർശനം നടത്തി. സംഘപരിവാർ അജണ്ടയ്ക്കൊത്ത് മുഖ്യമന്ത്രി വഞ്ചനാപരമായ നിലപാട് സ്വീകരിച്ചു എന്നും മുഖ്യമന്ത്രി ഇനിയും പ്രചാരണത്തിനനായി എത്തിയാൽ നിലമ്പൂരിൽ സ്വരാജ് തോൽക്കുമെന്നും അൻവർ പ്രതികരിച്ചു.
നിലമ്പൂർ ചന്തക്കുന്ന് പള്ളിയിലും മുക്കട്ട വലിയപള്ളിയിലും സന്ദർശനം നടത്തിയ LDF സ്ഥാനാർഥി എം സ്വരാജ് ചന്തക്കുന്ന് ബസ്റ്റാന്റ് പരിസരത്തും വോട്ടർമാരെ നേരിൽ കണ്ടു. പോത്തുകല്ല് പഞ്ചായത്തിലാണ് എൻഡിഎ സ്ഥാനാർഥി അഡ്വ മോഹൻ ജോർജിന്റെ ഇന്നത്തെ പര്യടനം. കേന്ദ്രമന്ത്രി ജോർജ് കുര്യനും മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർഥിക്കൊപ്പം പ്രചരണത്തിന്റെ ഭാഗമാകും.
പെരുന്നാൾ ദിനം സൗഹൃദ സന്ദർശനത്തിനായി ഉപയോഗിക്കുകയാണ് സ്ഥാനാർഥികൾ. സിപിഐഎം സംസ്ഥാന സമിതി അംഗം പി കെ സൈനബയുടെ വീട്ടിലാണ് പെരുന്നാൾ ദിനത്തിൽ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന്റെ ഉച്ചഭക്ഷണം. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പാട്ടക്കരിമ്പ എസ് സി എസ് ടി ഉന്നതി നിവാസികൾക്കൊപ്പമാണ് പെരുന്നാൾ ഉച്ചഭക്ഷണം കഴിക്കുക. സ്വതന്ത്ര സ്ഥാനാർഥി പി വി അൻവർ മൂത്തേടം നിർമല ഭവൻ വൃദ്ധ സദനത്തിലെ അന്തേവാസികൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കും.