ആര്യാടൻ ഷൗക്കത്ത്, എം സ്വരാജ്, പിവി അൻവർ Source: Facebook
KERALA

ആര് വീഴും, ആര് വാഴും? നിലമ്പൂരിൽ വോട്ടെണ്ണൽ നാളെ; ആദ്യ ഫലസൂചന എട്ടരയോടെ

രാവിലെ എട്ടു മണിക്ക് ആരംഭിക്കുന്ന വോട്ടെണ്ണലിൽ ആദ്യ ഫലസൂചന എട്ടരയോടെ ലഭ്യമാകും.

Author : ന്യൂസ് ഡെസ്ക്

എൽഡിഎഫ്-യുഡിഎഫ് മുന്നണികൾക്കും, മുൻ എംഎൽഎ പി. വി. അൻവറിനും നിർണായകമായ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ നാളെ. രാവിലെ എട്ടു മണിക്ക് ആരംഭിക്കുന്ന വോട്ടെണ്ണലിൽ ആദ്യ ഫലസൂചന എട്ടരയോടെ ലഭ്യമാകും. രാവിലെ എട്ട് മണിയോടെ ചുങ്കത്തറ മാർത്തോമ ഹയർ സെക്കണ്ടറി സ്ക്കൂളിൽ വോട്ടെണ്ണൽ ആരംഭിക്കും. 14 ടേബിളുകളിലായി 19 റൗണ്ട് വോട്ടെണ്ണൽ നടക്കുന്നത്.

പൂർണ ആത്മവിശ്വാസത്തിലും വിജയ പ്രതീക്ഷയിലുമാണ് മുന്നണികളും സ്ഥാനാർഥികളും. സമീപകാലത്തെ ഉപതെരഞ്ഞെടുപ്പുകളുടെ കണക്കെടുത്താൽ നിലമ്പൂരിലാണ് ഏറ്റവും ഏറ്റവും കൂടുതൽ പോളിംങ് രേഖപ്പെടുത്തിയത്. ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണുള്ളത്.

തെരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും ഈ വർഷം നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൻ്റെയും അടുത്ത വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെയും വിജയ സൂചനകൾ അതിൽ ഒളിഞ്ഞുകിടക്കുന്നുണ്ട്.

യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വലിയ വിജയം പ്രതീക്ഷിക്കുമ്പോൾ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് നേരിയ വോട്ടിനെങ്കിലും വിജയിക്കുമെന്നാണ് സിപിഐഎം കണക്കുകൂട്ടുന്നു. ഇടതുപക്ഷത്തിൽ നിന്നും രാജിവെച്ച് ഈ തെരഞ്ഞെടുപ്പിന് തന്നെ കാരണക്കാനായ പി.വി. അൻവർ മത്സരരംഗത്തിറങ്ങിയത് മുന്നണികളുടെ കണക്കുകൂട്ടലുകളെ ആശയ കുഴപ്പത്തിലാക്കുന്നുണ്ട്.

ഉപതെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, പി. വി. അൻവറിനും ഒരുപോലെ നിർണായകമാണ്. എൽഡിഎഫ് സ്ഥാനാർഥി നിസാര വോട്ടുകൾക്കാണ് തോൽക്കുന്നതെങ്കിൽ, അടിയന്തരാവസ്ഥകാലത്തെ ആർഎസ്എസ് സഹകരണം തുറന്നുപറഞ്ഞ സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന് വിമർശന പെരുമഴയാകും നേരിടേണ്ടി വരിക.

മുഖ്യമന്ത്രിയെ നിശിതമായി വിമർശിച്ചു കൊണ്ടിരുന്ന പി. വി. അൻവർ, യുഡിഎഫിൻ്റെ ഭാഗമാകുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ യുഡിഎഫ് സ്ഥാനാർഥിയായ ആര്യാടൻ ഷൗക്കത്തിനെ, പി. വി. അൻവർ വിമർശിച്ചതോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കടുത്ത നിലപാട് സ്വീകരിച്ചു.കെ. സുധാകരനും, രമേശ് ചെന്നിത്തലയും വിഷയത്തിൽ ഇടപെട്ടു. മുസ്ലിം ലീഗ് നേതാക്കളും അൻവറിനായി സംസാരിച്ചുവെങ്കിലും സതീശൻ കടുത്ത നിലപാട് തുടരുകയായിരുന്നു.

ഒടുവിൽ സ്വതന്ത്രനായി മത്സരിക്കേണ്ടി വന്ന അൻവർ കൂടുതൽ വോട്ട് പിടിക്കുകയും, ഷൗക്കത്ത് പരാജയപ്പെടുകയും ചെയ്താൽ, സതീശനെതിരെ പരസ്യ വിമർശനമുയരുമെന്നതും ഉറപ്പുള്ള കാര്യമാണ്. എന്നാൽ അൻവർ മത്സരിച്ചിട്ടും ഷൗക്കത്ത് ജയിച്ചാൽ, സതീശന് കുറച്ച് കാലത്തേക്ക് കോൺഗ്രസിലോ, യുഡിഎഫിലോ എതിരാളി ഉണ്ടാകില്ല.

SCROLL FOR NEXT