നിമിഷ പ്രിയ  NEWS MALAYALAM 24X7
KERALA

നിമിഷപ്രിയ കേസില്‍ ചര്‍ച്ചകള്‍ അനുകൂലമാകുമോ? ശുഭസൂചന നല്‍കി ഷെയ്ഖ് ഹബീബ് ഉമറിന്റെ പ്രതിനിധികള്‍

നാളെ നടത്താന്‍ നിശ്ചയിച്ച ശിക്ഷാ നടപടി ഒഴിവാക്കി കിട്ടുന്നതിനുള്ള അടിയന്തര ഇടപെടല്‍ ഉണ്ടാകുമെന്നും സൂചന

Author : ന്യൂസ് ഡെസ്ക്

നിമിഷപ്രിയ കേസില്‍ ചര്‍ച്ചകള്‍ അനുകൂലമാകുന്നതായി സൂചന. ഇതുസംബന്ധിച്ച് ശുഭസൂചനയാണ് ഷെയ്ഖ് ഹബീബ് ഉമറിന്റെ പ്രതിനിധികള്‍ നല്‍കുന്നത്. കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ കുടുംബവുമായുള്ള ചര്‍ച്ച യെമന്‍ സമയം രാവിലെ പത്ത് മണിക്ക് ആരംഭിക്കും.

കുടുംബത്തെ അനുനയിപ്പിക്കുന്നതോടൊപ്പം അറ്റോണി ജനറലുമായും കൂടിക്കാഴ്ച നടത്താന്‍ ശ്രമം നടക്കുന്നുണ്ട്. നാളെ നടത്താന്‍ നിശ്ചയിച്ച ശിക്ഷാ നടപടി ഒഴിവാക്കി കിട്ടുന്നതിനുള്ള അടിയന്തര ഇടപെടല്‍ ഉണ്ടാകുമെന്നും സൂചന ലഭിക്കുന്നുണ്ട്.

യെമന്‍ പൗരനെ കൊന്ന കേസില്‍ നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടക്കാനിരിക്കേയാണ് അടിയന്തര ഇടപെടല്‍ നടക്കുന്നത്. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലീയാരുടെ ഇടപെടലിലൂടെയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഗോത്ര നേതാക്കളും കൊല്ലപ്പെട്ട താലാലിന്റെ നിയമ സമിതി കമ്മിറ്റി അംഗങ്ങളും, കുടുംബവും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. സന്തോഷകരമായ അന്തിമ തീരുമാനം പ്രതീക്ഷിക്കാമെന്ന് ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി സംഘം കാന്തപുരത്തെ അറിയിച്ചിരുന്നു.

2017 ജൂലൈ 25നാണ് യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. പാസ്പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂരപീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. തലാലിന് അമിത ഡോസ് മരുന്ന് കുത്തിവെച്ചാണ് കൊലപ്പെടുത്തിയത്.

തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു. നിമിഷ പ്രിയ തലാലിന്റെ ഭാര്യയാണെന്നതിന് യെമനില്‍ രേഖകളുണ്ടായിരുന്നു. എന്നാല്‍ ക്ലിനിക്കിനുള്ള ലൈസന്‍സ് എടുക്കുന്നതിനുണ്ടാക്കിയ താല്‍ക്കാലിക രേഖ മാത്രമാണിതെന്നാണ് നിമിഷയുടെ വാദം. തലാല്‍ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നും നിമിഷ ആരോപിച്ചിരുന്നു.

SCROLL FOR NEXT