നിമിഷ പ്രിയ 
KERALA

നിമിഷ പ്രിയയ്ക്ക് മുന്നിൽ എല്ലാ വഴികളും അടഞ്ഞെന്ന് പറയാറായിട്ടില്ല: അഡ്വ. ദീപ ജോസഫ്

"സാമവുലിന് ഇന്നലെ രാത്രിയിലാണ് വധശിക്ഷ സംബന്ധിച്ച് സന്ദേശം ലഭിക്കുന്നത്. ഉടന്‍ എംബസിയുമായി ബന്ധപ്പെട്ടയാളെ ജയിലിലേക്ക് പറഞ്ഞുവിട്ട് കാര്യങ്ങള്‍ അന്വേഷിക്കുകയായിരുന്നു"

Author : ന്യൂസ് ഡെസ്ക്

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുന്നതിനായി എല്ലാ വഴികളും അടഞ്ഞെന്ന് പറയാറായിട്ടില്ലെന്ന് അഭിഭാഷക ദീപ ജോസഫ്. ഒരു മില്യണ്‍ ഡോളര്‍ നമ്മുടെ ഭാഗത്ത് നിന്ന് സാമുവല്‍ ജെറോം ഭാസ്‌കര്‍ വഴി തലാലിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. പക്ഷെ കുടുംബം മാപ്പു നല്‍കാമെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്നും ദീപ ജോസഫ് ന്യൂസ് മലയാളത്തോട് പറഞ്ഞു.

വരുന്ന ഒരാഴ്ചയ്ക്കുള്ളില്‍ മരിച്ച സാമുവലിന്റെ കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറായാല്‍ നിമിഷ പ്രിയയ്ക്ക് രക്ഷപ്പെടാന്‍ സാധിക്കുമെന്നാണ് ജയില്‍ അധികൃതരില്‍ നിന്നും മറ്റു ഉദ്യോഗസ്ഥരില്‍ നിന്നും അറിയാന്‍ സാധിച്ചതെന്നും ദീപ ജോസഫ് പറഞ്ഞു.

'കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബവുമായി ചര്‍ച്ച നടത്താന്‍ ശ്രമം തുടരുകയാണ്. നിമിഷയുടെ അമ്മ കുടുംബവുമായി കൂടിക്കാഴ്ചക്ക് ശ്രമിക്കുന്നുണ്ട്. സാമുവല്‍ ജെറോം ആണ് 2017 മുതല്‍ ഈ കേസില്‍ ആത്മാര്‍ഥതയോടെ ചര്‍ച്ചകളും മറ്റും നടത്തുന്നതും ഇടപെടുന്നതും. ചെന്നൈയിലായിരുന്ന സാമവുലിന് ഇന്നലെ രാത്രിയിലാണ് ജയില്‍ അധകൃതരുടെ കൈയ്യില്‍ നിന്ന് വധശിക്ഷ സംബന്ധിച്ച് സന്ദേശം ലഭിക്കുന്നത്. ഉടന്‍ എംബസിയുമായി ബന്ധപ്പെട്ടയാളെ ജയിലിലേക്ക് പറഞ്ഞുവിട്ട് കാര്യങ്ങള്‍ അന്വേഷിക്കുകയായിരുന്നു,' ദീപ ജോസഫ് പറഞ്ഞു.

ജൂലൈ 16ന് വധശിക്ഷ നടപ്പാക്കുമെന്നാണ് വിവരം. നിമിഷയെയും ജയില്‍ അധകൃതര്‍ വിവരം അറിയിച്ചിട്ടുണ്ടെന്നാണ് നിമിഷയുടെ അവസാനത്തെ മെസേജുകളില്‍ നിന്ന് മനസിലാക്കുന്നത്. കേന്ദ്ര സര്‍ക്കാറിന് നേരിട്ട് ചര്‍ച്ച നടത്താന്‍ സാധിക്കില്ല. സാധ്യമായ സഹായം എല്ലാം വിദേശകാര്യ മന്ത്രാലയം ചെയ്തു തന്നിട്ടുണ്ടെന്നും ദീപ ജോസഫ് പറഞ്ഞു.

നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കുമെന്ന ഉത്തരവില്‍ യെമന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് വിവരം. അതേസമയം വിദേശ കാര്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാനുള്ള തീയതി വന്നതായി യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ സാമുവല്‍ ജെറോം ആണ് അറിയിച്ചത്. ഇക്കാര്യം കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നതായി ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കുന്നു.

SCROLL FOR NEXT