പാലക്കാട് ഒന്‍പത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയതില്‍ പാലക്കാട് ജില്ലാ ആശുപത്രിക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ്. ജില്ലാ ആശുപത്രിക്ക് കുട്ടിയുടെ പരിക്കുകള്‍ പൂര്‍ണമായും മനസിലാക്കാന്‍ കഴിഞ്ഞില്ലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ ആരോപിച്ചു.
കുട്ടിയുടെ കൈയ്യില്‍ രക്തം കട്ടപിടിച്ചത് അണുബാധയ്ക്ക് കാരണമായി. ജീവന്‍ രക്ഷിക്കാന്‍ കൈ മുറിച്ചുമാറ്റേണ്ടി വന്നുവെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് പറഞ്ഞു.
കുട്ടിയുടെ രക്തക്കുഴലുകള്‍ക്ക് ചതവ് ഉണ്ടായിരുന്നു. പേശികള്‍ക്ക് ക്ഷതം സംഭവിച്ചിരുന്നു. അത് മനസിലാക്കാന്‍ ആശുപത്രിക്ക് സാധിച്ചില്ല. പ്ലാസ്റ്ററിട്ടതുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല കുട്ടിയുടെ കൈ മുറിച്ചു മാറ്റാന്‍ കാരണമായതെന്നാണ് മെഡിക്കല്‍ കോളേജ് നല്‍കുന്ന വിശദീകരണം.
കുഞ്ഞിന് കൈക്ക് വീണ്ടും വേദനയുമായി ആശുപത്രിയെ സമീപിച്ച സമയത്ത് വിദഗ്ധമായ പരിശോധന നടത്തിയില്ല. അതുകൊണ്ടാണ് കൈ മുറിച്ചു മാറ്റുന്ന അവസ്ഥയിലേക്ക് എത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തുമ്പോള്‍ തന്നെ കുഞ്ഞന്റെ കൈയ്യില്‍ രക്തം കട്ടപിടിച്ച് അണുബാധയുണ്ടായി ഗുരുതരാവസ്ഥയിലായിരുന്നു.
തുടര്‍ന്ന് കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കൈ മുറിച്ച് മാറ്റുക മാത്രമേ ചെയ്യാന്‍ നിവൃത്തിയുള്ളു എന്ന ഘട്ടത്തിലാണ് ശസ്ത്രക്രിയ നടത്തിയതെന്നും മെഡിക്കല്‍ കോളേജ് പറഞ്ഞു.
കുട്ടിയെ ചികിത്സിക്കുന്നതില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരും കെജിഎംഒഎയും ആവര്‍ത്തിക്കുമ്പോഴാണ് കുട്ടിയുടെ പരിക്കുകള്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കുന്നത്.