Source: Files
KERALA

മഞ്ചേശ്വരത്ത് റാഗിംഗിൻ്റെ പേരിൽ സീനിയർ വിദ്യാർഥികളുടെ ക്രൂരമർദനം; ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്

പൈവളിഗെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയെയാണ് പത്താം ക്ലാസിലെ ഒരു കൂട്ടം വിദ്യാർഥികൾ ചേർന്ന് തല്ലിച്ചതച്ചത്...

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ്: മഞ്ചേശ്വരത്ത് റാഗിംഗിന്റെ പേരിൽ സ്കൂൾ വിദ്യാർഥിക്ക് നേരെ സീനിയർ വിദ്യാർഥികളുടെ ക്രൂരമർദനം. പൈവളിഗെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയെയാണ് പത്താം ക്ലാസിലെ ഒരു കൂട്ടം വിദ്യാർഥികൾ ചേർന്ന് തല്ലിച്ചതച്ചത്. കഴുത്തിനും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ മംഗൽപാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൈവളിഗെ സ്വദേശിയായ ജലാലുദ്ദീന്റെ മകൻ മുഹമ്മദ് ജെദിം എന്ന പതിനാലുകാരനാണ് മുതിർന്ന വിദ്യാർഥികളുടെ ക്രൂര മർദനത്തിന് ഇരയായത്. വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് പത്താം ക്ലാസിലെ ഒരു കൂട്ടം വിദ്യാർഥികൾ മുഹമ്മദ് ജെദിമിനെ തടഞ്ഞുനിർത്തിയത്. ജൂനിയർ വിദ്യാർഥിയാണെന്ന പേരിൽ റാഗ് ചെയ്യാൻ ശ്രമിച്ച പ്രതികൾ, കുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നു. കുട്ടിയുടെ കഴുത്തിനും നെഞ്ചിനും നേരെയാണ് മാരകമായ ഇടിയേറ്റത്. പരിക്കുകൾ ഗുരുതരമായതിനെ തുടർന്ന് പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം കുട്ടിയെ മംഗൽപാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഉപ്പള, പൈവളിഗെ മേഖലകളിലെ വിദ്യാലയങ്ങളിൽ മുതിർന്ന വിദ്യാർഥികൾ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്യുന്നതും മർദിക്കുന്നതും പതിവാകുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പൈവളിഗെയിലെ സംഭവത്തിന് തൊട്ടുപിന്നാലെ ഉപ്പളയിലെ മറ്റൊരു സ്കൂളിലും സമാനമായ രീതിയിൽ റാഗിംഗ് പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. പിന്നീട് നാട്ടുകാരും സ്കൂൾ അധികൃതരും ഇടപെട്ടാണ് ഇത് താത്ക്കാലികമായി ഒത്തുതീർപ്പാക്കിയത്. നിരന്തരം ആവർത്തിക്കുന്ന ഇത്തരം അതിക്രമങ്ങൾ രക്ഷിതാക്കളെയും വിദ്യാർഥികളെയും ഒരുപോലെ ഭീതിയിലാഴ്ത്തുകയാണ്.

സ്കൂളുകളിലും പരിസരങ്ങളിലും റാഗിംഗ് തടയുന്നതിനും ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനുമായി പൊലീസും സ്കൂൾ അധികൃതരും നിരവധി ബോധവൽക്കരണ പരിപാടികൾ നടത്തിവരുന്നതിനിടയിലാണ് ഇത്തരം അതിക്രമങ്ങൾ തുടർക്കഥയാകുന്നത്. പൈവളിഗെയിൽ വിദ്യാർഥിക്ക് നേരെയുണ്ടായ അതിക്രൂരമായ മർദനത്തിൽ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകാനാണ് കുട്ടിയുടെ കുടുംബത്തിന്റെ തീരുമാനം. കുറ്റക്കാരായ വിദ്യാർഥികൾക്കെതിരെ കർശന നിയമനടപടിയും സ്കൂൾ തലത്തിലുള്ള അച്ചടക്ക നടപടിയും ഉണ്ടാകണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം.

SCROLL FOR NEXT