കോഴിക്കോട്: താമശേരിയിൽ പനി ബാധിച്ച് നാലാം ക്ലാസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്കജ്വരമെന്ന് റിപ്പോർട്ട്. പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിലാണ് സ്ഥിരീകരണം. നിപ സംശയത്തെതുടർന്ന് മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ സ്രവം പരിശോധിച്ചെങ്കിലും നെഗറ്റീവായിരുന്നു .
മരിച്ച അനയയുടെ വീട് സ്ഥിതി ചെയ്യുന്ന 3ആം വാർഡിൽ പനി സർവേ ആരംഭിച്ചുവെന്നും ഡിഎംഒ അറിയിച്ചു. കുട്ടിയുടെ സഹോദരങ്ങൾക്കും സഹപാഠിക്കും പനിയുള്ളതിനാൽ ഇവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
അനയയുടെ മരണത്തിൽ പൊലീസ് കേസെടുത്തിരുന്നു. അസ്വാഭാവിക മരണത്തിനാണ് താമരശേരി പൊലീസ് കേസെടുത്തത്. കുട്ടിയുടെ മരണത്തില്‍ ആശുപത്രിക്കെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. താമരശേരി കോരങ്ങാട് എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി കോരങ്ങാട് ആനപ്പാറ പൊയില്‍ സനൂപിൻ്റെ മകള്‍ അനയ (9) ആണ് ഇന്നലെ പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മരിച്ചത്.
ഇന്നലെ രാവിലെ 10.30 താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സക്കെത്തിയ കുട്ടി വൈകിട്ടോടെ മെഡിക്കല്‍ കോളേജില്‍ വച്ച് മരിക്കുകയായിരുന്നു. താമരശേരി താലൂക്ക് ആശുപത്രിയില്‍ അനാസ്ഥ ഉണ്ടായിട്ടുണ്ടെന്ന് പരാതി ഉന്നയിച്ച് മാതാപിതാക്കളും ബന്ധുക്കളും പരാതിപ്പെട്ടിരുന്നു.