KERALA

കോഴിക്കോട് വീണ്ടും നിപ! ഫറോഖ് സ്വദേശിയുടെ പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്

പൂനെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധന ഫലം കൂടി നാളെ ലഭ്യമാകും

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ഫറോഖ് സ്വദേശിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റും. പൂനെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധന ഫലം കൂടി നാളെ ലഭ്യമാകും.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് രോഗലക്ഷണങ്ങളുമായി ഫറോഖ് സ്വദേശിയായ 43കാരൻ ചികിത്സ തേടിയത്. നിലവിൽ ഇയാളുടെ സമ്പർക്ക പട്ടിക ആരോ​​ഗ്യ വിഭാ​ഗം അധികൃതർ പരിശോധിച്ചു വരികയാണ്. ഉറവിടം എവിടെ എന്നതിലും വ്യക്തയായിട്ടില്ല. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോ​​ഗ്യ വിഭാ​ഗം വ്യക്തമാക്കുന്നത്.

രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യമന്ത്രി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വൈറോളജി ലാബിലെ ഫലം കൂടി വരണം. രോഗിയുമായി സമ്പർക്കമുണ്ടായ ബന്ധപ്പെട്ട ആളുകൾ നിരീക്ഷണത്തിൽ കഴിയണമെന്നും കെ. മുരളീധരൻ നിർദേശം നൽകി. തിരുവനന്തപുരത്ത് നാളെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. നാളെ 12 മണിക്കാണ് ഉന്നതതല യോഗം ചേരുക. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇയാൾ ഗോഡൗൺ ഒറ്റയ്ക്ക് ക്ലീൻ ചെയ്തിരുന്നു. അവിടെ വവ്വാലിൻ്റെ സാന്നിധ്യം സംശയിക്കുന്നുണ്ട്. രോഗിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുമെന്നും കെ. മുരളീധരൻ അറിയിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ അറിയിപ്പ്

നിപ ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്നതിനാൽ പേ വാർഡ് മേഖലയിലും പരിസര പ്രദേശങ്ങളിലും രോഗനിയന്ത്രണത്തിന്റെയും സുരക്ഷയുടെയും ഭാഗമായി താഴെ പറയുന്ന ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്.

  • സാവിത്രി ദേവി സാബു (SDS) ബ്ലോക്കിലേക്കുള്ള പ്രവേശന വഴി പൂർണമായും നിരോധിച്ചിരിക്കുന്നു.

  • സാവിത്രി ദേവി സാബു (SDS) ബ്ലോക്കിലേക്കുള്ള പ്രവേശന കവാടം അടച്ചിട്ടിരിക്കുന്നതിനാൽ ജീവനക്കാരും രോഗികളും ഉൾപ്പെടെ എല്ലാവരും അനുവദിച്ചിട്ടുള്ള മറ്റ് വഴികൾ ഉപയോഗിച്ച് മാത്രം പ്രവേശിക്കേണ്ടതാണ്.

  • ഡിസ്ചാർജ് ചെയ്യുന്ന രോഗികൾ ഉൾപ്പടെ ആശുപത്രിയുടെ മെയിൻ ഗേറ്റ് വഴി പുറത്തുപോകേണ്ടതാണ്.

  • നിപ ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്ന പ്രദേശത്തേക്ക് അനാവശ്യമായി പ്രവേശിക്കുകയോ സഞ്ചരിക്കുകയോ ചെയ്യരുത്.

  • ആശുപത്രിയിലെ എല്ലാ വിഭാഗം ജീവനക്കാരും, രോഗികളും, കൂട്ടിരിപ്പുകാരും മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.

  • ⁠സാവിത്രി ദേവി സാബു (SDS) ബ്ലോക്ക് പരിസരത്ത് വാഹന പാർക്കിങ് അനുവദിക്കുന്നതല്ല.

  • രോഗികളുടെ സുരക്ഷയും രോഗവ്യാപനം തടയുന്നതും മുൻനിർത്തിയാണ് ഈ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാവരുടെയും സഹകരണവും പിന്തുണയും അഭ്യർത്ഥിക്കുന്നു.

SCROLL FOR NEXT