തിരുവനന്തപുരം: നിർമൽ കൃഷ്ണ സാമ്പത്തിക തട്ടിപ്പിൽ സിബിഐ അന്വേഷണം വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം. സിബിഐ അന്വേഷണം പ്രായോഗികമല്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കേന്ദ്രം കത്തയച്ചു. കത്തിന്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു. സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
അതേസമയം, നിര്‍മൽ കൃഷ്ണ ചിട്ടി തട്ടിപ്പ് അന്വേഷിക്കാന്‍ കഴിയില്ലെന്ന സിബിഐ നിലപാട് രാഷ്ട്രീയ തീരുമാനമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എ.എ. റഹീം. ബിജെപി ആരോപണ വിധേയനായ കോണ്‍ഗ്രസ് നേതാവ് വി.എസ്. ശിവകുമാറിനെ സംരക്ഷിക്കുന്നു. തിരുവനന്തപുരം അരുവിക്കര മണ്ഡലത്തില്‍ ബിജെപി കോണ്‍ഗ്രസ് വോട്ടുകച്ചവടം നടക്കുന്നുവെന്നും റഹീം പ്രതികരിച്ചു.
കന്യാകുമാരി ജില്ലയിലെ പളുകൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ച നിർമൽ കൃഷ്ണ നിധി ലിമിറ്റഡിന്‍റെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് സിബിഐ പിന്മാറ്റം. തമിഴ്നാട്ടിലും കേരളത്തിലുമായി സ്ഥാപനം 600 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം ജില്ലയിലും നിരവധി കേസുകളെടുത്തു. വൻ പലിശ വാഗ്ദാനം ചെയ്തും സ്വർണം ഈടുവാങ്ങി വായ്പ നൽകി ആഭരണങ്ങൾ കൈക്കലാക്കിയും നിക്ഷേപം സ്വീകരിച്ചു. തിരികെ നൽകാതെ സ്ഥാപനം അടച്ചുപൂട്ടി. സ്ഥാപന ഉടമ നിർമലനായിരുന്നു കേസിലെ പ്രധാന പ്രതി.