കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയ കേസിൽ താൻ ദളിതനാണെന്ന വാദവുമായി ഡോക്ടർ റാം കോടതിയിൽ. താൻ എസ്‌സി വിഭാഗത്തിൽ പെട്ട ബജന്ദ്രി സമുദായാംഗം ആണെന്ന് റാം വാദിച്ചു. പട്ടിക ജാതി/ പട്ടിക വർഗ അതിക്രമനിരോധന നിയമപ്രകാരം ചുമത്തിയ കേസിൽ നിന്ന് രക്ഷപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് നിതിൻ്റെ നീക്കം.
എന്നാൽ ബജന്ദ്രി ജാതി ഒബിസി വിഭാഗത്തിൽ പെട്ടതാണെന്ന് തെളിയിക്കുന്ന രേഖ പ്രോസിക്യൂഷൻ ഹാജരാക്കി. പ്രോസിക്യൂഷൻ്റെ വാദം കോടതി അംഗീകരിച്ചു. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തലശേരി കോടതി മറ്റന്നാൾ വിധി പറയും. രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാർക്കെതിരെയും നിതിൻ ജീവിച്ചിരിക്കെ അച്ഛനോടും സഹോദരിയോടും പറഞ്ഞിട്ടുള്ള മൊഴിയും കോടതിക്ക് മുൻപാകെ പ്രോസിക്യൂഷൻ ഹാജരാക്കി.
ലോൺ ആപ്പുമായി ബന്ധപ്പെട്ട് പ്രിൻസിപ്പാളിൻ്റെ മുറിയിൽ നടന്ന സംഭവങ്ങളാണ് നിതിൻ രാജിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നും റാം കോടതിയിൽ വാദിച്ചു. സംഭവത്തിൽ തനിക്ക് നേരിട്ട് യാതൊരു ബന്ധവുമില്ലെന്നും റാം വാദിച്ചു. പക്ഷെ ഈ സംഭവം നടക്കുന്ന ഈ മാസം പത്താം തീയതി 12.20 മുതൽ 2 മണി വരെയുള്ള സിസിടിവി ദൃശ്യങ്ങൾ മുഴുവൻ കോടതിയിൽ ഹാജരാക്കിയാണ് പ്രോസിക്യൂഷൻ ഈ വാദത്തെ കോടതിയിൽ എതിർത്തത്. സ്റ്റാഫ് റൂം കടന്നാണ് നിതിൻ പ്രിൻസിപ്പാളിൻ്റെ മുറിയിലേക്ക് വന്നത്. നിതിൻ പ്രിൻസിപ്പാളിൻ്റെ മുറിയിലേക്ക് വരുന്ന സമയത്ത് സ്റ്റാഫ് റൂമിൽ ഡോ. റാം ഉണ്ടെന്നതിന് സിസിടിവി ദൃശ്യങ്ങൾ തെളിവായുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ലോൺ ആപ്പുമായി ബന്ധപ്പെട്ട് ലതാ ശശിധരൻ എന്ന അധ്യാപികയ്ക്ക് ഭീഷണി കോളുകൾ വന്നു എന്നതാണ് മറ്റൊരു പരാതി ഇതുമായി ബന്ധപ്പെട്ടുള്ളത്. ആ അധ്യാപികയുമായി സംസാരിക്കുന്ന സമയത്തെല്ലാം റാം പ്രിൻസിപ്പാളിൻ്റെ റൂമിന് പുറത്ത് ഉണ്ടായിരുന്നു. ഒരു ഘട്ടത്തിൽ വാതിൽ തുറന്ന് അവിടെ എന്താണ് സംഭവിക്കുന്നതെന്ന് നോക്കുന്നുണ്ടായിരുന്നു എന്ന് തുടങ്ങിയ കാര്യങ്ങൾ പ്രോസിക്യൂഷൻ ഇന്ന് വാദത്തിൻ്റെ ഭാഗമായി ഉന്നയിച്ചിട്ടുണ്ട്. ലോൺ ആപ്പുമായി ബന്ധപ്പെട്ട് ലത ശശിധരൻ പ്രിൻസിപ്പാളിൻ്റെ നിർദേശപ്രകാരം പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചു. പരാതി എഴുതാൻ സ്റ്റാഫ് റൂമിലേക്ക് പോകുന്ന ലത ശശിധരന് പ്രിൻസിപ്പാളിൻ്റെ മുറിക്ക് പുറത്തുവച്ച് റാം ഹസ്തദാനം നൽകുന്നുണ്ടെന്നും സിസിടിവി ദൃശ്യങ്ങൾ തെളിവായി വച്ചുകൊണ്ട് പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചു. ലത ശശിധരനെ കൊണ്ട് നിതിനെതിരെ പരാതി കൊടുപ്പിച്ചത് റാം തന്നെയാണെന്ന വാദമാണ് പ്രോസിക്യൂഷൻ പ്രധാനമായും ഉന്നയിക്കുന്നത്.