KERALA

"എന്റെ മകന്‍ എങ്ങനെ ഇങ്ങനെയായി?"; ഐഡി കാര്‍ഡ് ഉയര്‍ത്തി ആ അച്ഛന്‍ ചോദിക്കുന്നത് കേരള മനഃസാക്ഷിയോടാണ്

വെള്ളിയാഴ്ച രാവിലെ സന്തോഷത്തോടെ വീട്ടിലേക്ക് വിളിച്ച നിതിന്‍, നാട്ടിലേക്ക് വരാന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം ആത്മഹത്യ ചെയ്യുമോ എന്നാണ് കുടുംബത്തിന്റെ ചോദ്യം.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ ജീവനൊടുക്കിയ നിതിന്‍ രാജിന്റെ ചേതനയറ്റ ശരീരത്തിന് മുന്നില്‍ തല കുമ്പിട്ട് കേരളം. തിരുവനന്തപുരം ചാലക്കടവിലെ വീട്ടില്‍ മൃതദേഹം എത്തിച്ചപ്പോള്‍ നെഞ്ചുലയ്ക്കുന്ന കാഴ്ചകളാണ് ഉണ്ടായത്. നിതിന്‍ കൊടിയ ജാതി വിവേചനത്തിനാണ് ഇരയായത് എന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങളാണ് പുറത്ത് വന്നത്. വെള്ളിയാഴ്ച രാവിലെ സന്തോഷത്തോടെ വിളിച്ചിട്ട്, ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം നിതിന്‍ ജീവനൊടുക്കുമോ എന്ന് ചോദ്യവും കുടുംബം ഉന്നയിക്കുന്നു.

എന്റെ ജനനമാണ് എന്റെ കുറ്റമെന്ന ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ കേട്ട ജീവിത ദൈന്യത്തിന് കേരളത്തിലും ദുരന്താവര്‍ത്തനം. പെയിന്റിങ് തൊഴിലാളിയായ വൈഎല്‍ രാജന്റെയും തൊഴിലുറപ്പ് തൊഴിലാളിയായ സി.ആര്‍. ലതയുടെയും ജീവിത സ്വപ്നങ്ങള്‍ നിശ്ചേതനമായി, തിരുവനന്തപുരം ചാലക്കടവിലെ വീട്ടിലേക്ക് എത്തി.

കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ ഡെന്റല്‍ കൊളേജിലെ കെട്ടിടത്തില്‍ നിന്ന് വീണ് ചെങ്കല്‍ത്തറയില്‍ ചിതറിയ ശരീരം നോക്കി അച്ഛന്‍ രാജന്‍ ആര്‍ത്തലച്ചു. ഐഡി കാര്‍ഡ് ഉയര്‍ത്തി എന്റെ മകന്‍ എങ്ങനെ ഇങ്ങനെയായെന്ന്, കേരള മനഃസാക്ഷിയോട് ചോദിച്ചു. മകന്‍ വേദനയോടെ വിളിച്ച് പറഞ്ഞ, കോളേജിലെ അധിക്ഷേപ സംഭവങ്ങള്‍ അമ്മ ഓര്‍ത്തെടുത്ത് പതംപറഞ്ഞ് കരഞ്ഞു.

ആഢ്യമനസുള്ള അധ്യാപകര്‍ നടത്തിയെ ജാതിഅധിക്ഷേപത്തിന്റെ നോവിക്കുന്ന അനുഭവങ്ങള്‍ നിതിന്റെ ശബ്ദ സന്ദേശങ്ങളില്‍ ഉണ്ടായിരുന്നു. സ്റ്റാഫ് റൂം എന്നാല്‍ കൂട്ടത്തോടെ ആക്രമിക്കാനുള്ള സ്ഥലം. ഓറല്‍ പതോളജി വകുപ്പ് മേധാവി കെ.റാമിനും ഡോക്ടര്‍ സംഗീത നമ്പ്യാര്‍ക്കും അധിക്ഷേപിക്കലാണ് ഹരം. അമ്മയും അമ്മയുടെ സര്‍ജറിയും വരെ അധിക്ഷേപ വിഷയങ്ങളാക്കി.

പുഴുത്ത പട്ടി, ഇഡിയറ്റ് തുടങ്ങിയ വിളികള്‍ക്കും നിറം പറഞ്ഞുള്ള പരിഹാസത്തിനും നിതിന്‍ ഇരയായെന്ന് സഹോദരി നിഖിത പറഞ്ഞു. വകുപ്പ് മേധാവി ഡോക്ടര്‍ റാമിനെ ഭയന്നാണ് കുട്ടികള്‍ പ്രതികരിക്കാത്തത്. പെണ്‍കുട്ടികള്‍ അടക്കം പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് കുടുംബം രോഷത്തോടെ പറയുന്നു.

നിതിന്‍ റാഗിങ്ങിന് എതിരെ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് കുടുംബം പറയുന്നു. വെള്ളിയാഴ്ച രാവിലെ സന്തോഷത്തോടെ വീട്ടിലേക്ക് വിളിച്ച നിതിന്‍, നാട്ടിലേക്ക് വരാന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം ആത്മഹത്യ ചെയ്യുമോ എന്നാണ് കുടുംബത്തിന്റെ ചോദ്യം. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിനിടെ വയനാട് പൂക്കോട് വെറ്റിനറി കൊളേജില്‍ മരിച്ച സിദ്ധാര്‍ഥിന്റെ അമ്മ ഷീബ, നിതിന്റെ വീട്ടില്‍ സാന്ത്വന വാക്കുകളുമായി എത്തി.

പ്ലസ്ടു കഴിഞ്ഞ് നാല് വര്‍ഷത്തെ പരിശീലനത്തിന് ശേഷമാണ് നിതിന്, ഡെന്റല്‍ കോഴ്‌സിന് പ്രവേശനം കിട്ടിയത്. ഡോക്ടര്‍ ആയ ശേഷം അച്ഛനെയും അമ്മയെയും പിന്നെ ജോലിക്ക് വിടില്ലെന്ന് നിതിന്‍ പറഞ്ഞിരുന്നു. ആ സ്വപ്നവാക്യങ്ങള്‍ നിശബ്ദവും നിശ്ചേതനവുമായി മണ്ണോട് ചേര്‍ന്നു. കേരള മനഃസാക്ഷിയില്‍ മായാത്ത മുദ്ര ബാക്കിയാക്കി.

SCROLL FOR NEXT