കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ജീവനൊടുക്കിയ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശം. കണ്ണൂർ സിറ്റി പൊലീസ് മേധാവിക്കാണ് നിർദേശം നൽകിയത്. വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കുടുംബം ഉയർത്തുന്നത് ഗുരുതര ആരോപണങ്ങൾ എന്നും കമ്മീഷൻ നിർദേശത്തിൽ പറയുന്നു.
നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തെത്തി. ജാതി വിവേചനത്തിന് അധ്യാപകർ നേതൃത്വം നൽകുന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണെന്നും ഉത്തരവാദികളായവർക്കെതിരെ സമഗ്ര അന്വേഷണം വേണമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡൻറ് എം. ശിവപ്രസാദ് ആവശ്യപ്പെട്ടു. ക്യാംപസുകളിൽ രോഹിത് ആക്ട് നടപ്പിലാക്കാൻ ബിജെപി നേതൃത്വം തയ്യാറാകണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കും വരെ പ്രതിഷേധം തുടരുമെന്നും ശിവപ്രസാദ് പറഞ്ഞു.
കേസിൽ പഴുതടച്ചുള്ള അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യുവും രംഗത്തെത്തി. ആരോഗ്യവകുപ്പ് നാഥനില്ല കളരിയായി മാറി എന്നതിന്റെ ഉദാഹരണമാണ് സംഭവം. അധ്യാപകരെ സസ്പെൻഡ് ചെയ്തതുകൊണ്ട് മാത്രം വിഷയത്തിന്റെ തീവ്രത അവസാനിക്കുന്നില്ല. ജാതി അധിക്ഷേപം നടന്നു എന്നുള്ളത് സാംസ്കാരിക കേരളത്തിന് അപമാനമാണ്. വിഷയത്തിൽ സംസ്ഥാന പൊലീസ് മേധാവിക്കും പട്ടികജാതി പട്ടികവർഗ കമ്മീഷന് പരാതി നൽകുന്നുവെന്നും കെഎസ്‌യു അറിയിച്ചു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിൻ്റെ അഞ്ചാം നിലയിൽ നിന്നും ചാടി നിതിൻ രാജ് ജീവനൊടുക്കിയത്. നിതിൻ രാജ് വകുപ്പ് മേധാവിയിൽ നിന്ന് കടുത്ത മാനസിക പീഡനം നേരിട്ടിരുന്നുവെന്നും നിറത്തിൻ്റെ പേരിൽ കടുത്ത അധിക്ഷേപം ഉണ്ടായെന്നുമാണ് കുടുംബത്തിൻ്റെ ആരോപണം.