KERALA

രഹന ഫാത്തിമയും ബിന്ദു അമ്മിണിയും ശബരിമല ചവിട്ടാനെത്തിയത് പൊറോട്ടയും ബീഫും വാങ്ങിയെന്ന് ആവർത്തിച്ച് എൻ.കെ. പ്രേമചന്ദ്രൻ; വിഷചന്ദ്രനെന്ന് വി. ശിവൻകുട്ടി, പരിഹസിച്ച് ബിന്ദു അമ്മിണി

സിപിഐഎമ്മുകാർ വേട്ടയാടാൻ ശ്രമിച്ചാലൊന്നും പറഞ്ഞതിൽ നിന്ന് പിന്മാറില്ലെന്നും എൻ.കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

പന്തളം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയിൽ നിന്ന് പിന്നോട്ടില്ലെന്ന് ആർഎസ്‌പി നേതാവും എംപിയുമായ എൻ.കെ. പ്രേമചന്ദ്രൻ. രഹന ഫാത്തിമയും ബിന്ദു അമ്മിണിയും മല ചവിട്ടാനെത്തിയത് പൊറോട്ടയും ബീഫും വാങ്ങിയാണെന്ന് പറഞ്ഞ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നതായും സിപിഐഎമ്മുകാർ വേട്ടയാടാൻ ശ്രമിച്ചാലൊന്നും പറഞ്ഞതിൽ നിന്ന് പിന്മാറില്ലെന്നും എൻ.കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു. അതേസമയം, ഈ പ്രസ്താവനയെ മന്ത്രി വി. ശിവൻകുട്ടിയും ബിന്ദു അമ്മിണിയും ഫേസ്ബുക്കിലൂടെ പരിഹസിച്ചു.

"രഹന ഫാത്തിമയും ബിന്ദു അമ്മിണിയും മല ചവിട്ടാനെത്തിയത് പൊറോട്ടയും ബീഫും വാങ്ങിയാണെന്ന് ആധികാരികമായ വിവരം ലഭിച്ചിട്ടുണ്ട്. ഈ പ്രസ്താവന നേരത്തെ തന്നെ പാർട്ടി സെക്രട്ടറി ഷിബു ബേബി ജോണും ഉന്നയിച്ചിരുന്നു. വി.ഡി. സതീശനും ഷിബു ബേബി ജോണും പറഞ്ഞിൽ പ്രശ്നമില്ല. പന്തളത്ത് ഞാൻ പ്രസംഗിച്ചപ്പോൾ അത് വർഗീയതയായി," പ്രേമചന്ദ്രൻ പറഞ്ഞു.

"സിപിഐഎമ്മിനെ എൻ്റെ പ്രസ്താവന വേദനിപ്പിച്ചതിൽ സന്തോഷമുണ്ട്. സിപിഐഎം സൈബർ ഹാൻ്റിലുകൾ വേട്ടയാടാൻ ശ്രമിച്ചാലൊന്നും പ്രസ്താവനയിൽ നിന്ന് പിന്മാറില്ല. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നത് സിപിഐഎമ്മാണ്. വീണ്ടും എന്നെ സംഘിയാക്കാനാണ് ശ്രമം നടക്കുന്നത്. ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കാനാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. അതിലും സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെ നടന്നിട്ടുണ്ട്. കേന്ദ്രാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ് മുഖ്യമന്ത്രിയുടെ കുടുംബം. അമിത് ഷായുമായുള്ള കൂടിക്കാഴ്ചകൾ ഉദാഹരണമാണ്. കേരളത്തിൽ ബിജെപിക്ക് അധികാരത്തിൽ എത്താൻ പിണറായി വിജയൻ വഴിയൊരുക്കുകയാണ്," എൻ.കെ. പ്രേമചന്ദ്രൻ വിശദീകരിച്ചു.

അതേസമയം, പ്രേമചന്ദ്രൻ്റെ ആരോപണത്തെ ബിന്ദു അമ്മിണി ഫേസ്ബുക്കിലൂടെ പരിഹസിച്ചു. "ബീഫ് എനിക്ക് ഇഷ്ടമാണ്. പക്ഷേ പൊറോട്ട കൂടെ വേണ്ട, കപ്പയാകാം. കപ്പയും ബീഫും സൂപ്പറാണ്," എന്നായിരുന്നു ബിന്ദു അമ്മിണിയുടെ പ്രതികരണം.

എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ പ്രസ്താവനയെ വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും രംഗത്തെത്തി. "മനോഹരമായ ആ പേര് ഒരാളിൽ മാത്രം "വിഷചന്ദ്രൻ" എന്നായിരിക്കും," എന്നാണ് മന്ത്രി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്.

SCROLL FOR NEXT