എറണാകുളം: മുഖ്യമന്ത്രിയെ കണ്ടെത്താനാകാത്തത് കോൺഗ്രസിലെ ഗൗരവതരമായ പ്രശ്നമെന്ന് വിമർശനവുമായി ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ. മഹാഭൂരിപക്ഷത്തോടെ ജനങ്ങൾ അധികാരത്തിൽ എത്തിച്ച ശേഷം നടക്കുന്ന സംഭവങ്ങൾ പ്രത്യാശ നൽകുന്നതല്ല. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിലെ കാലതാമസമല്ല, അസ്വാരസ്യവും അസ്വസ്ഥതയും താഴേ തലത്തിൽ വരെ പ്രകടം. കേരളം പ്രത്യാശയോടെ അധികാരത്തിൽ എത്തിച്ചതിന് ശേഷം ഉണ്ടാകുന്ന തർക്കം മുന്നണിയുടെ പ്രവർത്തനത്തിന് വിഘാതമെന്നും എൻ.കെ. പ്രേമചന്ദ്രൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.
നിലവിലെ സാഹചര്യം വോട്ടർമാരിലും മുന്നണി പ്രവർത്തകരിലും വലിയ നിരാശ വളർത്തിയെന്ന് എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. മൂന്ന് പേരിൽ ആരാണെങ്കിലും എത്രയും വേഗം കണ്ടെത്തിയേ മതിയാകൂ. നിലവിലെ സാഹചര്യത്തിൻ്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ സിപിഐഎമ്മും പിണറായിയും എൽഡിഎഫുമാണ്. എൽഡിഎഫിൻ്റെ പിഴവുകൾ വിലയിരുത്തേണ്ട സമയം യുഡിഎഫ് തർക്കത്തിൽ പാഴാകുന്നു. പ്രതിസ്ഥാനത്ത് നിൽക്കുന്ന സിപിഐഎം കോൺഗ്രസിലെ തർക്കത്തിൽ രക്ഷപ്പെടുന്നുവെന്നും എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു.
ഘടകകക്ഷികൾ തർക്കത്തിൽ സ്വമേധയാ അഭിപ്രായം പറഞ്ഞതല്ല, കോൺഗ്രസ് ഹൈക്കമാൻഡ് ക്ഷണിച്ച് വരുത്തി അഭിപ്രായം ചോദിച്ചതാണെന്നും എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു.