കോഴിക്കോട്: നഗരത്തിലെ കോംട്രസ്റ്റ് നെയ്ത്ത് ശാല ഏറ്റെടുക്കുന്നതിനായി നിയമസഭ ഏകകണ്ഠമായി പാസാക്കിയ ബിൽ, രാഷ്ട്രപതി അംഗീകരിച്ച് എട്ടുവർഷമായിട്ടും നടപടിയില്ല. 2012ൽ സ്ഥാപനം കെഎസ്ഐഡിസിക്ക് കൈമാറുന്നതിനായി ഉമ്മൻചാണ്ടി സർക്കാർ പാസാക്കിയ ബില്ലാണ് നിയമ നടപടികളിലെ സാങ്കേതിക കുരുക്കിൽപ്പെട്ട് ഇഴയുന്നത്. ഇപ്പോൾ അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാർ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് നെയ്ത്ത്ശാല ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.
1844ൽ ബാസൽ മിഷൻ സ്ഥാപിച്ച് പിന്നീട് ബ്രിട്ടീഷുകാർ ഏറ്റെടുത്ത് സ്വാതന്ത്ര്യാനന്തരം ഒരു സ്വതന്ത്ര സംവിധാനമായി പ്രവർത്തിച്ച കോംട്രസ്റ്റ് നെയ്ത്തുശാലയുടെ ഇന്നത്തെ അവസ്ഥയാണിത്. കോഴിക്കോട് മാനാഞ്ചിറയിലുള്ള ഈ സ്ഥാപനം ഇന്ന് ഒരു അസ്ഥികൂടം പോലെ തകർന്ന് നിൽക്കുകയാണ്. നെയ്ത്ത് യന്ത്രങ്ങളും കളറിംഗ് യൂണിറ്റുമെല്ലാം പൂർണമായും നശിച്ചു കോഴിക്കോടിന്റെ അഭിമാന സ്ഥാപനമായി സംരക്ഷിച്ച് നിർത്തേണ്ടിയിരുന്ന നെയ്ത്ത് ശാലയാണിത്.
2009ൽ അനധികൃതമായി അടച്ചുപൂട്ടിയ നെയ്ത്ത് ഫാക്ടറി ഏറ്റെടുക്കുന്നതിനായി 2012ൽ ഉമ്മൻചാണ്ടി സർക്കാർ ബില്ല് പാസാക്കിയതാണ്. നിയമസഭ പാസാക്കിയ ബില്ലിന് 2018ൽ രാഷ്ട്രപതി അംഗീകാരം നൽകി. കോംട്രസ്റ്റിൽ നിന്നും സ്ഥലം വാങ്ങിയ വിവിധ സ്ഥാപനങ്ങൾ. നെയ്ത്ത് ഫാക്ടറി ഏറ്റെടുക്കുന്നതിനെതിരെ കോടതിയെ സമീപിച്ചതോടെ നടപടികൾ പാതിവഴിയിലായി. എന്നാൽ നിയമ തടസങ്ങൾ പരിഹരിക്കാൻ കഴിഞ്ഞ സർക്കാർ താല്പര്യം കാണിച്ചില്ലെന്ന് തൊഴിലാളികൾ പറയുന്നു.
കോം ട്രസ്റ്റ് നെയ്ത്തുശാലയിൽ വ്യവസായ മ്യൂസിയവും ആധുനിക നെയ്ത്ത്ശാലയും തുടങ്ങാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ നടപടികൾ നീണ്ടതോടെ കെട്ടിടം കാട് പിടിച്ച് നശിച്ചു. ഇപ്പോൾ സാമൂഹ്യ വിരുദ്ധരുടെയും മയക്കുമരുന്ന് വിൽപ്പനക്കാരുടെയും വിഹാര കേന്ദ്രമാണ് ഇവിടം. വി.ഡി. സതീശന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ, നിയമ തടസ്സങ്ങൾ നീക്കി... കോടികൾ വിലമതിക്കുന്ന കോംട്രസ്റ്റ് നെയ്ത്ത്ശാല ഏറ്റെടുക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുമെന്നാണ് തൊഴിലാളികളുടെ പ്രതീക്ഷ.
കോംട്രസ്റ്റ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് 2022 ഡിസംബറിലാണ് തൊഴിലാളികൾ രണ്ടാം ഘട്ട സമരം ആരംഭിക്കുന്നത്. മൂന്ന് വർഷവും അഞ്ചു മാസവും പിന്നിട്ട സമരത്തോടും കഴിഞ്ഞ സർക്കാർ അവഗണനയാണ് കാണിച്ചത്. നഗരഹൃദയത്തിലുള്ള കോംട്രസ്റ്റ് ഭൂമിയിൽ കണ്ണു വച്ച, റിയൽ എസ്റ്റേറ്റ് ലോബിക്ക് വേണ്ടി ഒത്തുകളിച്ചതാണ് ഏറ്റെടുക്കൽ നടപടി യാഥാർഥ്യമാകാത്തതിന് കാരണമെന്നും തൊഴിലാളികൾ വിശ്വസിക്കുന്നു.