ഫിലിം കോൺക്ലേവിലെ വിവാദ പരാമർശത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ കേസെടുക്കില്ല. കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. പ്രസംഗം ദലിത് വിഭാഗത്തെ അധിക്ഷേപിക്കൽ അല്ലെന്നും പദ്ധതിയുടെ നല്ല നടത്തിപ്പിനായി പറഞ്ഞ നിർദേശമായി കാണാമെന്നും നിയമോപദേശം.
അടൂരിന്റെ പ്രസംഗം എസ്‌സി വിഭാഗത്തെ അധിക്ഷേപിക്കൽ അല്ല, കൂടുതൽ ആളുകൾക്ക് പണം നൽകണമെന്നാണ് ആവശ്യപ്പെട്ടത്. ഫണ്ട് നൽകരുതെന്ന് പറഞ്ഞിട്ടില്ല. സ്കീം ഇംപ്രൂവ് ചെയ്യുന്ന നിർദേശമായി കാണണം. വ്യക്തമായ വാക്കുകൾ ഉണ്ടെങ്കിൽ മാത്രമേ ആക്ഷേപമായി കാണാനാകൂ. വ്യാഖ്യാനങ്ങളും ദുർവ്യാഖ്യാനങ്ങൾക്കും യഥാർത്ഥത്തിൽ പ്രസംഗം നടത്തിയ ആൾ ഉത്തരവാദി ആകില്ലെന്നും നിയമോപദേശം.
അതേസമയം, കേസെടുക്കില്ലെന്ന് വിവരം ലഭിച്ചത് മാധ്യമങ്ങളിലൂടെ മാത്രമെന്ന് അടൂരിനെതിരെ പരാതി നൽകിയ സാമൂഹ്യ പ്രവർത്തകൻ പ്രതികരിച്ചു. പൊലീസ് ഔദ്യോഗികമായി അറിയിച്ചശേഷമാകും തുടർനടപടി. പൊലീസ് കേസെടുത്തില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ദിനു വെയിൽ പ്രതികരിച്ചു.