Source: News Malayalam 24x7
KERALA

സ്വർണപ്പാളി വിഷയത്തിൽ ചർച്ചയില്ല, സഭയിൽ നിന്നിറങ്ങി പോയി പ്രതിപക്ഷം; കഴിഞ്ഞ മൂന്ന് ദിവസം ചർച്ച ചെയ്തതിൻ്റെ ക്ഷീണമെന്ന് എം.ബി. രാജേഷ്

കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും പരിഗണിക്കാനാകില്ലെന്നും അറിയിച്ചാണ് സ്പീക്കർ ആവശ്യം തള്ളിയത്

Author : ന്യൂസ് ഡെസ്ക്

ശബരിമല സ്വർണ പാളി വിഷയത്തിൽ നിയമസഭയിൽ ചർച്ചയില്ല. തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ നോട്ടീസ് തള്ളി. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും പരിഗണിക്കാനാകില്ലെന്നും അറിയിച്ചാണ് സ്പീക്കർ ആവശ്യം തള്ളിയത്. പിന്നാലെ, പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ശബരിമലയിൽ നിന്ന് നാല് കിലോ സ്വർണം അടിച്ചുമാറ്റിയ വിഷയം അയ്യപ്പഭക്തരെയും വിശ്വാസികളെയും വിഷമത്തിലാക്കിയ പ്രശ്നമാണ്. ഉത്തരവാദികളെ സർക്കാർ സംരക്ഷിക്കുകയാണ്. നാല് കിലോ സ്വർണം അടിച്ചുമാറ്റിയിട്ട് ചർച്ച അനുവദിക്കില്ലെന്ന് പറയുന്നത് തെറ്റായ കീഴ്വഴക്കമാണെന്നും പ്രതിപക്ഷം സഭയിൽ പറഞ്ഞു. പിന്നാലെയാണ് സഭയിൽ നിന്ന് ഇറങ്ങിപ്പോയത്.

അതേസമയം, ഇന്ന് ഇരിക്കേണ്ടി വരുമോ എന്ന് പ്രതിപക്ഷത്തിന് ഭയമെന്ന് മന്ത്രി എം.ബി. രാജേഷ് പ്രതികരിച്ചു. പ്രതിപക്ഷത്തിന് കഴിഞ്ഞ മൂന്ന് ദിവസം ചർച്ച ചെയ്തതിൻ്റെ ക്ഷീണമാണ്. ചർച്ച ചെയ്യില്ലെന്ന് അറിഞ്ഞാണ് നോട്ടീസ് നൽകിയത്. സഭയിൽ ആർഎസ്എസിന് ആളില്ലാത്തതിന്റെ കുറവ് പ്രതിപക്ഷ നേതാവ് ഏറ്റെടുക്കുന്നു. കീഴ്‌വഴക്കത്തേക്കാൾ വലുതാണ് ചട്ടമെന്ന് എം.ബി. രാജേഷ് പ്രതികരിച്ചു.

സർക്കാരിനെ പ്രതിപക്ഷ നേതാവ് പ്രശംസിച്ചെന്ന ജി.ആർ. അനിലിന്റെ പരാമർശം പച്ചക്കള്ളം എന്ന് പറഞ്ഞതിൽ വി.ഡി. സതീശൻ ഖേദം പ്രകടിപ്പിച്ചു. ഓണച്ചന്ത ഉദ്ഘാടനത്തിൽ സംസാരിച്ചത് ശരിയാണ് പക്ഷേ സർക്കാരിനെ പ്രകീർത്തിച്ച് സംസാരിച്ചിട്ടില്ല. എങ്കിലും മന്ത്രി പറഞ്ഞത് പച്ചക്കള്ളം എന്ന് പറഞ്ഞത് ശരിയായില്ലെന്നും മന്ത്രിയോട് ക്ഷമ ചോദിക്കുന്നു എന്നും സതീശൻ പറഞ്ഞു. വാക്കുകൾ നിയമസഭാ രേഖയിൽ നിന്ന് നീക്കം ചെയ്യണമെന്നും സതീശൻ ആവശ്യപ്പെട്ടു.

SCROLL FOR NEXT