കൊല്ലം: കൊട്ടാരക്കരയിൽ അഖിൽ മാരാർ സ്ഥാനാർഥിയായി മത്സരിക്കുന്നതിൽ അനിശ്ചിതത്വം. അഖിൽ മാരാർ കൊട്ടാരക്കരയിൽ മത്സരിക്കുന്നതിനെ കുറിച്ച് ചർച്ച ഉണ്ടായിട്ടില്ല. ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലമാണ് കൊട്ടാരക്കര. ഇത് ഘടകകക്ഷിക്ക് വിട്ടുനൽകുന്നത് സംബന്ധിച്ച് ഇതുവരെ ചർച്ചകൾ നടന്നിട്ടില്ലെന്ന് ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് രാജി പ്രസാദ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
കൊട്ടാരക്കര സീറ്റിൽ ബിജെപി തന്നെ മത്സരിക്കുമെന്നും രാജി പ്രസാദ് വ്യക്തമാക്കി. സീറ്റ് ഘടകകക്ഷിക്ക് നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാനനേതൃത്വമാണ്. ഇതുവരെ പാർട്ടിയിൽ അത്തരമൊരു ആലോചന ഉണ്ടായിട്ടില്ല. ആരാണ് മത്സരിക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. ഘടകകക്ഷി ആയതുകൊണ്ട് തന്നെ അവർ സീറ്റുകൾ ആവശ്യപ്പെടും. പാർട്ടിയാണ് ആരൊക്കെ എവിടെയൊക്കെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത്. കഴിഞ്ഞ ദിവസമല്ലേ അഖിൽ മാരാർ ട്വൻ്റി-ട്വൻ്റിയിൽ ചേർന്നത്. സീറ്റ് പരിഗണിക്കുമ്പോൾ ഘടകക്ഷികക്ഷികളുടെ കാര്യം നേതൃത്വം തന്നെ വ്യക്തമാക്കുമെന്നും രാജി പ്രസാദ് കൂട്ടിച്ചേർത്തു.