തിരുവനന്തപുരം: രാജ്മോഹൻ ഉണ്ണിത്താന്റെ പരസ്യ വിമർശനങ്ങൾ കോൺഗ്രസിൽ പുതിയ വിവാദത്തിന് തിരികൊളുത്തിയതിന് പിന്നാലെ പരസ്യപ്രസ്താവനകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണിത്താനെ ഫോണിൽ വിളിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പാർട്ടിക്കുള്ളിലെ ഭിന്നത രൂക്ഷമായതോടെ വിശാല നേതൃയോഗം വിളിച്ചുചേർക്കാനും കെപിസിസി ആലോചിക്കുന്നുണ്ട്.
രാജ്മോഹൻ ഉണ്ണിത്താന്റെ പരസ്യ വിമർശനങ്ങളിൽ കോൺഗ്രസിൽ അസ്വസ്ഥത പുകയുകയാണ്. തനിക്കും കുടുംബത്തിനുമെതിരെ സംഘടിത നീക്കം നടക്കുകയാണെന്നാണ് ഉണ്ണിത്താന്റെ ആരോപണം. തനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലുമാണെന്നും അദ്ദേഹം ആരോപിച്ചു. ഇനിയും പ്രകോപിപ്പിച്ചാൽ കൂടുതൽ കാര്യങ്ങൾ തുറന്നുപറയേണ്ടി വരുമെന്നും ഉണ്ണിത്താൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വിവാദം കൂടുതൽ വഷളാകുന്ന സാഹചര്യത്തിലാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് രാജ്മോഹൻ ഉണ്ണിത്താനെ ഫോണിൽ ബന്ധപ്പെട്ടത്. പരസ്യപ്രസ്താവനകൾ ഒഴിവാക്കണമെന്നും പാർട്ടിക്കുള്ളിലെ വിഷയങ്ങൾ പരസ്യമായി ഉന്നയിക്കരുതെന്നുമാണ് നിർദേശം നൽകിയതെന്നാണ് വിവരം.
അതേസമയം, രാജ്മോഹൻ ഉണ്ണിത്താന്റെ പരസ്യപ്രസ്താവനകൾക്ക് പിന്നിൽ മുഖ്യമന്ത്രിയാണെന്നാണ് കെസി വേണുഗോപാൽ പക്ഷത്തിന്റെ ആരോപണം. മുഖ്യമന്ത്രിയുടെ ശൈലിയുമായി ബന്ധപ്പെട്ട വിമർശനങ്ങളും യുഡിഎഫിനുള്ളിൽ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. ഇതോടെ കോൺഗ്രസിലും മുന്നണിയിലും ഭിന്നത കൂടുതൽ രൂക്ഷമാകുകയാണ്.
പ്രതിസന്ധി പരിഹരിക്കുന്നതിനായി അടുത്തമാസം ആദ്യം വിശാല നേതൃയോഗം വിളിച്ചുചേർക്കാനാണ് കെപിസിസിയുടെ ആലോചന. നേതാക്കളുടെ പരസ്യപ്രസ്താവനകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതും യോഗത്തിൽ ചർച്ചയായേക്കും. കോൺഗ്രസിലെ പരസ്യമായ വിഴുപ്പലക്കലിൽ എഐസിസി നേതൃത്വത്തിനും അതൃപ്തിയുണ്ടെന്നാണ് വിവരം. നേതാക്കൾ തമ്മിലുള്ള ആരോപണപ്രത്യാരോപണങ്ങൾ പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.