കാലിക്കറ്റ് സർവകലാശാല സിലബസിൽ വേടൻ്റെ പാട്ട് ഉൾപ്പെടുത്തേണ്ടെന്ന് റിപ്പോർട്ട്. വൈസ് ചാന്‍സലർ നിയമിച്ച വിദഗ്‌ധ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
പാട്ട് സിലബസിൽ ഉൾപ്പെടുത്തിയതിനെതിരെ ബിജെപി സിൻഡിക്കേറ്റ് അംഗം എ.കെ. അനുരാജ് നൽകിയ പരാതിയിലാണ് വിദഗ്‌ധ സമിതിയെ നിയോഗിച്ചത്. സർവകലാശാല പഠന വകുപ്പ് മുൻ മേധാവി എം.എം. ബഷീറിൻ്റെ നേതൃത്വത്തിലാണ് വിദഗ്‌ധ സമിതി. വേടൻ്റെ പാട്ടിന് വൈകാരിക സങ്കൽപ്പങ്ങൾക്ക് അപ്പുറം ആശയപരമായ ഇഴയടുപ്പത്തോടെ കാവ്യാത്മക സങ്കൽപ്പങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ടിലെ നിരീക്ഷണം.
ഗൗരി ലക്ഷ്മിയുടെ 'അജിത ഹരേ മാധവ' ദൃശ്യവിഷ്‌കാരവും സിലബസിൽ നിന്ന് മാറ്റണമെന്ന് റിപ്പോർട്ടിൽ പറയുന്നു. കഥകളി സംഗീതവും ശാസ്ത്രീയ സംഗീതവും തമ്മിലുള്ള താരതമ്യ പഠനം പരിധിക്കപ്പുറമെന്ന് കാണിച്ചാണ് ഒഴിവാക്കാനുള്ള നിർദേശം.
ബിഎ മലയാളം മൂന്നാം സെമസ്റ്ററിലാണ് വേടന്റെ 'ഭൂമി ഞാന്‍ വാഴുന്നിടം' എന്ന പാട്ടും ഗൗരി ലക്ഷ്മിയുടെ 'അജിതാ ഹരേ'യും ഉള്‍പ്പെടുത്തിയിരുന്നത്. മൈക്കിള്‍ ജാക്‌സന്റെ 'ദെ ഡോണ്‍ട് കെയർ എബൗട്ട് അസ്' നൊപ്പമാണ് 'ഭൂമി ഞാന്‍ വാഴുന്നിടം' താരതമ്യ പഠനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
അമേരിക്കന്‍ റാപ് സംഗീതവുമായി മലയാളം റാപ് സംഗീതത്തിനുള്ള താരതമ്യ പഠനം നടത്തുകയായിരുന്നു ലക്ഷ്യം. മലയാളം മൈനര്‍ കോഴ്‌സിന്റെ ഭാഗമായാണ് താരതമ്യ സാഹിത്യത്തില്‍ വേടന്റെ പാട്ടും ഉള്‍പ്പെടുത്തിയത്.
ക്ലാസിക്കല്‍ കലാരൂപങ്ങളുടെ പുനരാവിഷ്‌കാരവുമായി ബന്ധപ്പെട്ട താരതമ്യപഠനത്തിലാണ് ഗൗരി ലക്ഷ്മിയുടെ 'അജിതാ ഹരേ' ഉള്‍പ്പെടുത്തിയിരുന്നത്. കോട്ടയ്ക്കല്‍ പി.എസ്.വി നാട്യസംഘത്തിന്റെയും മുരിങ്ങൂര്‍ ശങ്കരന്‍ പോറ്റിയുടെയും ക്ലാസിക്കല്‍ ശൈലിയിലുള്ള ആലാപനവുമായാണ് ഈ പാട്ടിനെ താരതമ്യപ്പെടുത്തിയത്.