തിരുവനന്തപുരം: പി.കെ. ശ്യാമളയുടെ തളിപ്പറമ്പിലെ സ്ഥാനാര്‍ഥിത്വത്തില്‍ പുനരാലോചന വേണ്ടെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വിവാദം അനാവശ്യമാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
സ്ഥാനാര്‍ഥിത്വം തീരുമാനിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടിക്കെതിരായി പ്രചാരണം നടക്കുന്നുവെന്ന സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സെക്രട്ടറി കൂടിയായ എം.വി. ഗോവിന്ദന്‍ ആരോപണങ്ങള്‍ അനാവശ്യമാണെന്ന് പറഞ്ഞത്.
പി.കെ. ശ്യാമളയെ ഏതെങ്കിലും തരത്തില്‍ ബന്ധം കൊണ്ട് സ്ഥാനാര്‍ഥിയാക്കിയതല്ലെന്ന വിശദീകരണവും എം.വി. ഗോവിന്ദന്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
വിവാഹത്തിന് മുമ്പ് തന്നെ ശ്യാമള പാര്‍ട്ടി പദവികളില്‍ സജീവമാണെന്നും തന്റെ ഭാര്യ എന്നത് ഇപ്പോള്‍ പൊട്ടിമുളച്ചതെങ്ങനെയാണെന്നും സംസ്ഥാന സമിതിയില്‍ എം.വി. ഗോവിന്ദന്‍ ചോദിച്ചു.
അതേസമയം കെ.കെ. ശൈലജയുടെ സ്ഥാനാര്‍ഥിത്വം സംസ്ഥാന കമ്മിറ്റിയില്‍ ആരുമുന്നയിച്ചില്ല. ജി. സുധാകരനെ അനുനയിപ്പിക്കാന്‍ നേതൃ തലത്തില്‍ ഇടപെടാനും തീരുമാനമായി.